ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തവർക്ക് എതിരെ കൂട്ടക്കേസ്; യുഡിഎഫ് നേതാക്കൾക്കും 400ഓളം പ്രവർത്തകർക്കും എതിരെ കേസ്

കണ്ണൂർ: തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തർക്ക് എതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുത്തു. കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉൾപ്പെടെ 26 യുഡിഎഫ് നേതാക്കൾക്കും കണ്ടാലറിയാവുന്ന 400ഓളം പ്രവർത്തകർക്കുമെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. സംഘാടകർക്കും അവിടെ ഒത്തുകൂടിയവർക്കും പ്രവർത്തകർക്കും എതിരെയാണ് കേസ്.

ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നാണ് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രതികരിച്ചത്. രമേശ് ചെന്നിത്തലയുടെ യാത്ര വൻ വിജയമായിരുന്നുവെന്നും ഇതിൽ വിറളിപൂണ്ട സിപിഎം പോലീസിനെ ഉപയോഗിച്ച് കള്ളക്കേസ് ചുമത്തുകയാണെന്നും യുഡിഎഫ് പ്രതികരിച്ചു.

അതേസമയം, തളിപ്പറമ്പ് പോലീസിന് പുറമെ ശ്രീകണ്ഠാപുരത്തും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് സമാനമായ രീതിയിൽ എല്ലാ സ്വീകരണം കേന്ദ്രങ്ങളിലെയും സ്റ്റേഷനുകളിൽ കേസെടുക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

Exit mobile version