സൈക്കിളിൽ കറങ്ങി നടക്കുന്ന സുഹൃത്തുക്കളെ കണ്ട് ആയിഷയ്ക്കും മോഹം; മുഖ്യമന്ത്രിക്ക് കത്തെഴുതി അഞ്ചാം ക്ലാസുകാരി; മറുപടി കത്തും സൈക്കിളും സമ്മാനമായി എത്തി

aysha-cycle12

പേരാമ്പ്ര: തന്റെ കളിക്കൂട്ടുകാരെല്ലാം സൈക്കിളിൽ സഞ്ചരിക്കുന്നത് കണ്ട് അതുപോലെ ഒന്ന് ആഗ്രഹിച്ചിരുന്നെങ്കിലും രക്ഷിതാക്കളുടെ ബുദ്ധിമുട്ട് മനസിലാക്കി ആയിഷ എല്ലാം ഉള്ളിലൊതുക്കി ഇരിക്കുകയായിരുന്നു. എന്നാൽ ആഗ്രഹം കലശലായതോടെ സഹായം തേടി ആയിഷ ചെയ്തത് മുഖ്യമന്ത്രിക്ക് കത്തെഴുതുകയായിരുന്നു.

വൈകാതെ തന്നെ അവൾ എഴുതിയ കത്തിന് മറുപടിയും വന്നു. പിന്നാലെ സൈക്കിളും. ചക്കിട്ടപാറയിലെ കുഞ്ഞിപ്പറമ്പിൽ നാസറിന്റെയും സൗദയുടെയും മൂന്നു പെൺമക്കളിൽ ഇളയവളാണ് അഞ്ചാം ക്ലാസുകാരിയായ ആയിഷ. ഒക്‌ടോബറിലാണ് കത്തയച്ചത്. തുടർന്ന് ജില്ല പഞ്ചായത്തിലെ രണ്ടു ജീവനക്കാർ ആയിഷയുടെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ച് തിരിച്ചുപോയി.

ബ്ലോക്ക് പഞ്ചായത്ത് പേരാമ്പ്രയിലെ സ്വർണ്ണവ്യാപാര സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് ആയിഷയ്ക്ക് സൈക്കിൾ സമ്മാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് സാമൂഹികനീതി വകുപ്പിന് നൽകിയ നിർദേശത്തെ തുടർന്നായിരുന്നു സൈക്കിൾ ആയിഷയുടെ വീട്ടിലെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് എൻപി ബാബു സൈക്കിൾ കൈമാറി.

ഫൈൻ ഗോൾഡ് ഷോറൂം മാനേജർ ഇ.ടി സുനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സികെ പാത്തുമ്മ, ശശികുമാർ പേരാമ്പ്ര, പിടി അഷ്‌റഫ്, എം കുഞ്ഞമ്മദ്, റഷീദ് മുതുകാട് തുടങ്ങിയവർ സംബന്ധിച്ചു.

Exit mobile version