ചെങ്ങന്നൂർ: പുതിയ ജീവിതം ആരംഭിക്കുന്നതിന്റെ സ്വപ്‌നങ്ങൾ പാതിയിൽ ബാക്കിവെച്ച് യാത്ര പറഞ്ഞ യുവാവിന്റേയും യുവതിയുടേയും മരണത്തിൽ തേങ്ങി നാട്ടുകാരും ബന്ധുക്കളും. വിവാഹസ്വപ്‌നങ്ങളുമായി സ്‌കൂട്ടറിൽ സഞ്ചരിക്കവെ കെഎസ്ആർടിസി ബസിടിച്ചാണ് പ്രതിശ്രുത വധുവിനും വരനും ദാരുണാന്ത്യം സംഭവിച്ചത്. എംസി റോഡിൽ ഇടിഞ്ഞില്ലം പെരുന്തുരുത്തിയിൽ വെച്ചാണ് കെഎസ്ആർടിസി ബസിടിച്ച് ചെങ്ങന്നൂർ പിരളശ്ശേരി കാഞ്ഞിരംപറമ്പിൽ വീട്ടിൽ ജയിംസ് ചാക്കോയും (31) പ്രതിശ്രുത വധു ആൻസിയും (26) മരിച്ചത്.
ജയിംസ് ചാക്കോയുടെ സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30ഓടെ നടന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽനിന്ന് മൃതദേഹം വീട്ടിലെത്തിച്ചായിരുന്നു ചടങ്ങുകൾ. മൃതദേഹം വൈകീട്ട് നാലോടെ ചെങ്ങന്നൂർ അങ്ങാടിക്കൽ, കുറത്തിയാറ സെന്റ് തോമസ് സിഎസ്‌ഐ പള്ളി സെമിത്തേരിയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അടക്കി. ശനിയാഴ്ച സിഎസ്‌ഐ മധ്യമേഖല ഇടവക ബിഷപ് ഡോ. സാബു കെ ചെറിയാൻ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചിരുന്നു.
മരിച്ച വെൺമണി കല്യാത്ര പുലക്കടവ് ആൻസി ഭവനിൽ ആൻസിയുടെ (26) സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11.30ന് പുലക്കടവ് സെന്റ് ആൻഡ്രൂസ് സിഎസ്‌ഐ പള്ളി സെമിത്തേരിയിൽ നടക്കും. പള്ളിയിലെ യുവജന വിഭാഗം സെക്രട്ടറികൂടിയായിരുന്ന ആൻസിയുടെ മാതാവ് ലീലാമ്മ ദുബായിയിൽനിന്ന് ഞായറാഴ്ച വീട്ടിലെത്തിയിട്ടുണ്ട്.
ആന്ഡസിയുടെ സഹോദരൻ അഖിൽ ദുബായിയിൽ പോയിട്ട് ഒരുമാസമേ ആയിരുന്നുള്ളൂ. അന്ത്യകർമ്മങ്ങൾക്കായി തിങ്കളാഴ്ച നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഒമ്പതിന് വീട്ടിൽ കൊണ്ടുവന്നാണ് അന്ത്യകർമ്മങ്ങൾ നടത്തുക.