നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത്; വെല്ലുവിളിയില്ല, പാർട്ടി പറഞ്ഞാൽ മത്സരിക്കും: കുമ്മനം

Kummanam

തിരുവനന്തപുരം: നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്തെന്ന് വിശേഷിപ്പിച്ച് കുമ്മനം രാജശേഖരൻ. നേമത്ത് പാർട്ടിക്ക് വെല്ലുവിളിയില്ലെന്നും കുമ്മനം സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.

മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. പാർട്ടി ഇതേ സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ല. രാഷ്ട്രീയത്തിന് അപ്പുറം സാംസ്‌കാരിക, ധാർമ്മിക പ്രവർത്തനങ്ങളിൽ ഇടപെടുന്നയാളാണ് താനെന്നും കുമ്മനം പറഞ്ഞു.

നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത് ആണ്. നേമത്തെക്കുറിച്ച് മറ്റൊന്നും പറയാനില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് അതിന് ശേഷം വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇപ്പോൾ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഇവയൊക്കെ പരിശോധിക്കുമ്പോൾ നേമം ബിജെപിയെ കൈവിട്ടിട്ടില്ല. ബിജെപിക്ക് നേമത്ത് യാതൊരു വെല്ലുവിളിയില്ലെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

പുതുതായി നേമം മണ്ഡലത്തിലേക്ക് താമസം മാറ്റിയതിനെ കുറിച്ചും കുമ്മനം പ്രതികരിച്ചു. പല സ്ഥലങ്ങളിൽ കെട്ടിടം നോക്കിയെന്നും ഒടുവിൽ വീട് കിട്ടിയത് ശാസ്ത്രി നഗറിലാണെന്നും അത് നേമം മണ്ഡലത്തിലായി പോയി എന്നേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

നേമത്ത് വീട് എടുത്തതുകൊണ്ട് എല്ലാവരും നേമം മണ്ഡലത്തിൽ താൻ മത്സരിക്കാനായി ഓഫീസ് തുറന്നു എന്ന അർത്ഥത്തിലാണ് സംസാരിക്കുന്നത്. നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത് ആണ്- കുമ്മനം അഭിപ്രായപ്പെട്ടു.

Exit mobile version