’89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാൻ ആരാണ് പറഞ്ഞത്? വിളിപ്പിക്കുന്നിടത്ത് എത്തണം’; വനിതാ കമ്മീഷൻ അധ്യക്ഷയുടെ ശകാരം ഇങ്ങനെ; സോഷ്യൽമീഡിയയിലും പ്രതിഷേധം

പത്തനംതിട്ട: പത്തനംതിട്ടയിലെ 89കാരി നൽകിയ പരാതി സംബന്ധിച്ച് വിവരങ്ങളറിയാൻ വിളിച്ച ബന്ധുവിനെ ശകാരിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ വിവാദത്തിൽ. വയോധികയെ തള്ളയെന്ന് വിളിച്ചും ഇവരോട് ആരാണ് വനിതാ കമ്മീഷനിൽ പരാതി നൽകാൻ പറഞ്ഞതെന്നും, പോലീസിലാണ് പരാതിപ്പെടേണ്ടതെന്നുമൊക്കെയാണ് എംസി ജോസഫൈന്റെ വാദം.

പത്തനംതിട്ട കോട്ടാങ്ങൽ സ്വദേശി ലക്ഷ്മിക്കുട്ടി അമ്മ(89)യുടെ പരാതിയ്ക്ക് എതിരേയാണ് എംസി ജോസഫൈന്റെ പരാമർശം. ലക്ഷ്മിക്കുട്ടി അമ്മയെ മദ്യലഹരിയിൽ അയൽവാസി മർദ്ദിച്ച സംഭവത്തിലാണ് ഇവർ വനിതാ കമ്മീഷനെ പരാതിയുമായി സമീപിച്ചത്.

എന്നാൽ, 89 വയസുള്ള വയോധികയുടെ പരാതി എന്തിനാണ് വനിതാ കമ്മീഷന് നൽകുന്നത്? പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിങ്ങിന് എത്തണമെന്നും എംസി ജോസഫൈൻ പറയുന്നു. വനിതാ കമ്മീഷൻ ബന്ധുവായ ഉല്ലാസിനോട് സംസാരിക്കുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്.

’89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാൻ ആരാണ് പറഞ്ഞത്. പരാതി കൊടുത്താൽ വിളിപ്പിക്കുന്നിടത്ത് എത്തണം.’ എന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഉല്ലാസിനോട് കയർക്കുകയായിരുന്നു.

ലക്ഷ്മിക്കുട്ടി അമ്മയെ മദ്യലഹരിയിൽ അയൽവാസി മർദ്ദിച്ച കേസിൽ പരാതിക്കാരിയുടെ ബന്ധുവായ ഉല്ലാസ് ആണ് വനിത കമ്മീഷൻ അധ്യക്ഷയെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചത്. പരാതിക്കാരിയോട് അടൂരിൽ വരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ 89 വയസ്സായ സ്ത്രീ ആയതിനാൽ പറഞ്ഞസ്ഥലത്ത് എത്താൻ ബുദ്ധിമുട്ടുണ്ടെന്നും, എന്തു ചെയ്യണമെന്നാണ് ഉല്ലാസ് വനിതാ കമ്മീഷൻ അധ്യക്ഷയോട് ചോദിച്ചത്.

അതേസമയം, എന്തിനാണ് വനിതാ കമ്മീഷനിൽ പരാതി കൊടുക്കാൻ പോയതെന്നും പോലീസ് സ്‌റ്റേഷനിൽ പരാതിപ്പെട്ടാൽ പോരേ എന്നുമാണ് വനിതാ കമ്മീഷൻ അധ്യക്ഷ തിരിച്ചുചോദിക്കുന്നത്.

കഴിഞ്ഞവർഷം ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയായ ആദർശ് ലക്ഷ്മിക്കുട്ടിയെ മദ്യലഹരിയിൽ മർദ്ദിക്കുകയായിരുന്നു. പെരുമ്പട്ടി പോലീസിൽ പരാതി നൽകിയെങ്കിലും ആരോപണവിധേയനെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ വനിതാ കമ്മീഷനിലും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. ജനുവരി 28ന് അടൂരിൽ നടക്കുന്ന ഹിയറിങ്ങിന് ഹാജരാവണമെന്നായിരുന്നു വനിതാ കമ്മീഷനിൽ നിന്ന് ലഭിച്ച നോട്ടീസ്. എന്നാൽ പരാതിക്കാരിക്ക് വീട്ടിൽ നിന്ന് 50 കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് എത്തിപ്പെടുക പ്രയാസമായതിനാലാണ് ബന്ധു ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചത്.

Exit mobile version