നാട്ടുകാർ സഹായിക്കാതിരിക്കാൻ മുറ്റത്ത് പട്ടിയെ കെട്ടിയിട്ടു; മകൻ പട്ടിണിക്കിട്ട 80കാരന്റെ ആന്തരികാവയവങ്ങൾ ചുരുങ്ങിയ നിലയിൽ; ദിവസങ്ങളായി വെള്ളവും ഭക്ഷണവും കഴിച്ചില്ലെന്ന് തെളിവ്; മരണം പട്ടിണി കിടന്ന്

മുണ്ടക്കയം: പ്രായമേറിയ മാതാപിതാക്കളെ പട്ടിണിക്കിട്ട മകൻ റെജിയുടേത് കണ്ണില്ലാത്ത ക്രൂരത. റെജിയുടെ പിതാവ് എൺപത് വയസുകാരൻ പൊടിയന്റെ മരണം ഭക്ഷണവും വെള്ളവും ലഭിക്കാതെയാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങൾ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയിൽ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണങ്ങളില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പൊടിയന്റേത് പട്ടിണി മരണമാണോ എന്ന് സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഏറെ ദിവസം പൊടിയൻ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങൾ എല്ലാം ചുരുങ്ങിയ നിയലാണ്. ഇത് ഭക്ഷണം കഴിക്കാത്തതിനാലാണോ എന്ന് സ്ഥിരീകരിക്കാനാണ് രാസപരിശോധന നടത്തുന്നത്. പൊടിയന് ഭക്ഷണം കഴിക്കാവുന്ന അവസ്ഥയിലായിരുന്നോ എന്നും ഇതിലൂടെ വ്യക്തമാകും.

ഇളയ മകൻ റെജിയോടൊപ്പം താമസിച്ചിരുന്ന പൊടിയനെയും ഭാര്യ അമ്മിണിയെയും ആശാവർക്കർമാരാണ് വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. വൈകാതെ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പൊടിയൻ ചികിത്സയ്ക്കിടെ മരിച്ചു. അവശനിലയിലായ അമ്മിണി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ദിവസങ്ങളായി ഇവരുടെ മകൻ റെജി മാതാപിതാക്കൾക്ക് ഭക്ഷണം നൽകിയിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. സഹായിക്കാനായി എത്തുന്നവരെ വിരട്ടിയോടിക്കാൻ പട്ടിയെ വീട്ടിൽ കെട്ടിയിടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച മാതാപിതാക്കളെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ റെജി വീട്ടിലുണ്ടായിരുന്നു.

വിശദമായ ഫോറൻസിക് പരിശോധനയ്ക്കു ശേഷമുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ ആവശ്യമായ നടപടി എടുക്കാനാണ് പോലീസ് തീരുമാനം. നാട്ടുകാരുടെയും ചികിത്സയിൽ കഴിയുന്ന അമ്മിണിയുടെയും വിശദമായ മൊഴികൾ ശേഖരിക്കും.

Exit mobile version