13കാരനെ അമ്മ ദുരുപയോഗം ചെയ്‌തെന്ന കേസ്; തനിക്കെതിരെ ഉയർന്നത് ഹീനമായ ആരോപണം; മാതൃത്വത്തിന് എതിരായ വെല്ലുവിളിയെന്ന് യുവതി

തിരുവനന്തപുരം: കടയ്ക്കാവൂർ പോക്‌സോ കേസിൽ തനിക്കെതിരെ ഉയർന്നിരിക്കുന്നത് ഹീനമായ ആരോപണമെന്ന് പ്രതിയായ യുവതി. മകനെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസിൽ തനിക്കെതിരെ ഉന്നയിക്കുന്നത് ഹീനമായ ആരോപണം. ഇത് മാതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും യുവതി ആരോപിച്ചു.

തന്നോടുള്ള വിരോധം തീർക്കാൻ ഭർത്താവ് മകനെ കരുവാക്കിയതാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പ്രതി വ്യക്തമാക്കി. 13 വയസ്സുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസ് കെട്ടിച്ചമച്ചതല്ലെന്നും കു്ടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നും അറസ്റ്റിലായ അമ്മ കുറ്റക്കാരിയാണെന്നു തെളിയിക്കുന്ന വ്യക്തമായ സൂചനകൾ അന്വേഷണത്തിൽ ലഭിച്ചതായും സർക്കാർ ഹൈക്കോടതിയെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം സർക്കാർ കേസ് ഡയറി ഹാജരാക്കി. അമ്മ നൽകിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) 10 ദിവസം ഹോസ്റ്റലിൽ താമസിപ്പിച്ചു വിദഗ്ധ കൗൺസലിങ് നടത്തിയതിനു ശേഷമാണു കുട്ടി പറയുന്നതു ശരിയാണെന്നു കണ്ടെത്തിയതെന്ന് സീനിയർ ഗവൺമെന്റ് പ്ലീഡർ സുമൻ ചക്രവർത്തി ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്യാൻ പോലീസിനു റഫർ ചെയ്തതെന്നും സുമൻ ചക്രവർത്തി ഹൈക്കോടതിയെ ബോധിപ്പിച്ചു.

കുട്ടിക്ക് പ്രതി പ്രത്യേക മരുന്നു നൽകിയിരുന്നെന്ന് ആരോപണമുണ്ടായിരുന്നു. മരുന്നു പിന്നീടു കണ്ടെത്തുകയും ചെയ്തു. പ്രതിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവയിൽ നിന്ന് ഇതു സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

Exit mobile version