നിയമസഭ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി മത്സരിച്ചേക്കും; കൽപ്പറ്റയിൽ നിന്നും ജനവിധി തേടാൻ സാധ്യത

ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരരംഗത്തേക്ക് ഇറങ്ങിയേക്കുമെന്ന് റിപ്പോർട്ട്. വയനാട്ടിൽ നിന്നും ജനവിധി തേടാനാണ് മുല്ലപ്പള്ളി ആലോചിക്കുന്നുണ്ട്. കൽപ്പറ്റ മണ്ഡലത്തിൽ മുല്ലപ്പള്ളി സ്ഥാനാർത്ഥിയായേക്കുമെന്നും വിവരമുണ്ട്. മത്സരിക്കുന്ന കാര്യം സംബന്ധിച്ച് മുല്ലപ്പള്ളി ഹൈക്കമാൻഡുമായി ചർച്ച നടത്തി. കോഴിക്കോട്, വയനാട് ജില്ലകളിലെ ഏതെങ്കിലും സീറ്റിലായിരിക്കും മുല്ലപ്പള്ളി മത്സരിക്കുക എന്ന് ഏറെക്കുറെ ഉറപ്പാണ്.

കൊയിലാണ്ടി, കൽപറ്റ സീറ്റുകളാണ് പരിഗണനയിലെങ്കിലും യുഡിഎഫിന്റെ സുരക്ഷിത സീറ്റായി കരുതുന്ന കൽപറ്റയ്ക്കാണ് സാധ്യത കൂടുതൽ ജയസാധ്യതയുള്ള മുതിർന്ന നേതാക്കൾ മത്സരിക്കണമെന്ന അഭിപ്രായമാണ് ഹൈക്കമാൻഡിനുള്ളത്. അതുകൊണ്ടുതന്നെ മുല്ലപ്പള്ളി മത്സരിക്കുന്നതിൽ ഹൈക്കമാൻഡിന് എതിർപ്പില്ലെന്നാണ് വിവരം. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും കേരളത്തിലെ നേതാക്കളും മുല്ലപ്പള്ളി മത്സരിക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും മുല്ലപ്പള്ളിയുടെ സ്ഥാനാർത്ഥിത്വത്തിനോട് വിയോജിപ്പില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുക. കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഡൽഹിയിലെ ചർച്ചകൾ ഇന്നലെ പൂർത്തിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കും എന്ന തീരുമാനം നേരത്തെ പുറത്തുവന്നിരുന്നു.

Exit mobile version