വാളയാറിൽ മരിച്ച പെൺകുട്ടികളുടെ അമ്മയെ കാണാൻ അഭയ കേസ് സാക്ഷി രാജു എത്തി; ഉപവാസത്തിന് പിന്തുണ

പാലക്കാട്: വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുട്ടികളുടെ അമ്മയുടെ പോരാട്ടിത്തിന് പൂർണപിന്തുണയുമായി അഭയകേസിലെ സാക്ഷി രാജു എത്തി. കുടുംബ സമേതമാണ് രാജു ചൊവ്വാഴ്ച വാളയാറിലെത്തിയത്.

ദുരൂഹസാഹചര്യത്തിൽ മരിച്ച മൂത്തകുട്ടിയുടെ നാലാം ഓർമദിനമായ ബുധനാഴ്ച അട്ടപ്പള്ളത്ത് പെൺകുട്ടികളുടെ അമ്മ നടത്തുന്ന ഏകദിന ഉപവാസത്തിൽ പങ്കെടുക്കാനാണ് രാജു എത്തിയത്. അമ്മയോടൊപ്പം കുട്ടികളുടെ അച്ഛൻ, കേസന്വേഷണത്തിനിടെ ആത്മഹത്യചെയ്ത പ്രവീണിന്റെ അമ്മ എലിസബത്ത് റാണി തുടങ്ങിയവരും ഉപവാസത്തിൽ പങ്കെടുക്കും. വികെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും.

അതേസമയം, പെൺകുട്ടികളുടെ കുടുംബത്തെ സന്ദർശിച്ച് അമ്മയെ ആശ്വസിപ്പിക്കാനും സത്യം മറനീക്കി പുറത്തുവരുമെന്ന ആത്മവിശ്വാസം നൽകാനും രാജുവിനായി. ‘എന്ത് പ്രതിബന്ധങ്ങളുണ്ടായാലും തളരാതെ പോരാടണം. സത്യമേ ജയിക്കൂ. അതിന്റെ തെളിവാണ് ഞാൻ. എല്ലാ പിന്തുണയുമുണ്ട്’-രാജു പറഞ്ഞു.

ഏറെ കോളിളക്കം സൃഷ്ടിച്ച അഭയ കേസിൽ കൊടിയ പീഡനമേറ്റിട്ടും മൊഴി മാറ്റാതെ ഉറച്ചു നിന്നിരുന്ന രാജുവിന് നാനാഭാഗത്തുനിന്നും അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. കോടികൾ വാഗ്ദാനം ചെയ്യപ്പെട്ടിട്ടും തന്റെ മൊഴിയിൽ ഉറച്ചു നിന്ന രാജു കന്യാസ്ത്രീ കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റർ അഭയയ്ക്ക് ഒടുവിൽ നീതി വാങ്ങി നൽകിയിരുന്നു.

സാമ്പത്തികമായി ഏറെ പരാധീനതകളുള്ള രാജുവിന് കേരള സമൂഹം ബാങ്ക് അക്കൗണ്ടിലേക്ക് പണമയച്ചും കടപ്പാടും സ്‌നേഹവും അറിയിച്ചതും ശ്രദ്ധേയമായിരുന്നു.

Exit mobile version