നന്ദിയുണ്ട് സർ! കോവിഡ് കാലം തൊട്ട് പട്ടിണിക്കിടാതെ ഭക്ഷണം നൽകി ഹോംഗാർഡ് പ്രദീപ്; നന്ദി പറഞ്ഞും ഡ്യൂട്ടിക്കായി എത്തുന്നത് കാത്തിരുന്നും ആ തെരുവുനായ് കൂട്ടം!

പാലക്കാട്: മനുഷ്യരേക്കാൾ സ്‌നേഹവും കടപ്പാടുമുള്ള ജീവിയാണ് നായയെന്നാണ് പൊതുവെ പറയാറുള്ളത്. ഒരിക്കൽ സഹായം നൽകിയയാളെ ജീവിതകാലത്ത് ഒരിക്കലും നായകൾ മറക്കില്ലെന്നും പല അനുഭവകഥകളും നമ്മളെ ഓർമ്മിപ്പിക്കാറുണ്ട്. അപകടസമയത്ത് രക്ഷകനായി എത്തുന്ന നായ്ക്കളുടെ ഒരുപാട് കഥകളാണ് പ്രളയസമയത്തു നമ്മൾ കേട്ടത്.

മാത്രമല്ല, നായ്ക്കളുടെ സ്‌നേഹം പോലെ തിരിച്ച് നായ്ക്കളെയും സ്‌നേഹിക്കാൻ സാധിക്കുന്നത് ഒരു മനുഷ്യന്റെ ഔന്നിത്യത്തെയാണ് കാണിക്കുന്നത്. സഹജീവികളെ സ്‌നേഹിക്കുന്നതിനൊപ്പം തെരുവിൽ കിടക്കുന്ന നായ്ക്കളേയും ശ്രദ്ധിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട് താനും. ഇത്തരത്തിൽ വ്യത്യസ്തനായ ഒരാളാണ് കുഴൽമന്ദം പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് പികെ പ്രദീപ്.

പ്രദീപിനെ വ്യത്യസ്തനാക്കുന്നതും നായ്ക്കളോടുള്ള സ്‌നേഹമാണ്. കോവിഡ് കാലത്ത് മനുഷ്യരുടെ പട്ടിണിയകറ്റാൻ ഒരുപാട് പേർ മുന്നോട്ട് വന്നിരുന്നെങ്കിലും തെരുവുനായ്ക്കളെ പോലുള്ള ജീവികളുടെ അവസ്ഥ പരിതാപകരമായിരുന്നു. ഇത് കണ്ടറിഞ്ഞാണ് പ്രദീപ് തെരുവിലെ നായ്ക്കൾക്കും ഭക്ഷണം നൽകാൻ ശ്രദ്ധിച്ച് തുടങ്ങിയത്.

കോവിഡ് കാലത്താണ് പ്രദീപ് തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കാൻ ആരംഭിച്ചത്. പിന്നീട് അത് തുടർന്നു. ഇപ്പോഴും ട്രാഫിക് ഡ്യൂട്ടിക്ക് എത്തുമ്പോൾ സമീപത്തെ കടയിൽ നിന്നും ബിസ്‌കറ്റും മറ്റും വാങ്ങിക്കൊടുക്കുന്നത് പതിവാക്കിയിരിക്കുകയാണ്.

പതിവുപോലെ ഞായറാഴ്ച രാത്രി ഭക്ഷണം കൊടുത്തപ്പോൾ പ്രദീപിന് നായ കൈ കൊടുക്കുന്ന ചിത്രവും ശ്രദ്ധിക്കപ്പെടുകയാണ്. ഷേയ്ക്ക് ഹാൻഡിൽ മാത്രം ഒതുങ്ങുന്നതല്ല ഈ നായ്ക്കളുടെ സ്‌നേഹം. ഇദ്ദേഹം സ്ഥിരമായി ട്രാഫിക് ഡ്യൂട്ടിക്ക് വരുന്നതും കാത്തു നിൽക്കാറുണ്ട് ഈ തെരുവു നായ്ക്കൾ. ഏതായാലും പ്രദീപിനെ നായ്ക്കൾ സ്‌നേഹംകൊണ്ട് മൂടുന്ന ചിത്രം ശ്രദ്ധേയമാവുകയാണ്.

ചിത്രം കടപ്പാട്: മനോരമ

Exit mobile version