ഒരുപാട് പേരുടെ ജീവിതമാണ് സിനിമ; ചലച്ചിത്ര മേഖലയ്ക്ക് ഇളവുകൾ നൽകി തീരുമാനങ്ങൾ; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് മോഹൻലാലും മമ്മൂട്ടിയും പൃഥ്വിയും കുഞ്ചാക്കോയും ഉൾപ്പടെയുള്ള താരങ്ങൾ

കോവിഡ് ലോക്ക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും ഏറെ ബാധിച്ച മേഖലയാണ് സിനിമാ ലോകം. സിനിമാപ്രവർത്തകരും തീയ്യേറ്റർ ഉടമകളും തൊഴിലാളികളും ഉൾപ്പടെയുള്ള വലിയൊരു തൊഴിൽ മേഖല തന്നെ കടുത്ത പ്രയാസത്തിലാണ്. സംസ്ഥാനത്ത് തീയ്യേറ്ററുകൾ തുറക്കേണ്ടെന്ന് തീയ്യേറ്റർ ഉടമകൾ തീരുമാനമെടുത്തതോടെ പ്രതിസന്ധികൾ അറ്റമില്ലാതെ തുടരുകയാണ്.

എന്നാൽ ഇതിനിടെ ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നൽകുന്ന ഒട്ടേറെ ഇളവുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും. വിനോദ നികുതിയിലടക്കം ഇളവ് അനുവദിച്ചിട്ടുണ്ട്. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

തീയ്യേറ്ററുകൾ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാർജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കും. 2020 മാർച്ച് 31നുള്ളിൽ തീയ്യേറ്ററുകൾ തദ്ദേശസ്ഥാപനങ്ങളിൽ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷൻ, ബിൽഡിംഗ് ഫിറ്റ്‌നസ്, ആരോഗ്യം, ഫയർഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ തീരുമാനം പുറത്തെത്തിയതിന് പിന്നാലെ അഭിനന്ദനവും നന്ദിയും അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമാ ലോകം. മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നിവിൻപോളി, റിമ കല്ലിങ്ങൽ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ നിരവധി താരങ്ങൾ ഇടതുസർക്കാരിനു നന്ദിയുമായി രംഗത്തെത്തിയിട്ടുണ്ട്.

സിനിമാലോകത്തെ ചില പ്രതികരണങ്ങൾ ഇങ്ങനെ:

പ്രതിസന്ധിയിൽ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാൻ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്
സ്‌നേഹാദരങ്ങൾ
– മമ്മൂട്ടി

വിനോദനികുതിയിലെ ഇളവുൾപ്പെടെ സിനിമാ മേഖലയ്ക്ക് ശക്തി പകരുന്ന തീരുമാനങ്ങൾ കൈക്കൊണ്ട സർക്കാരിനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും നന്ദി !!! തീയറ്ററുകളിൽ വീണ്ടും കാഴ്ചവസന്തം വിടരട്ടെ.- മഞ്ജു വാര്യർ

മലയാള സിനിമയ്ക്ക് ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്‌നേഹാദരങ്ങൾ‘-മോഹൻലാൽ

ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നൽകുന്ന തീരുമാനങ്ങൾ കൈകൊണ്ട സംസ്ഥാന സർക്കാരിനും, മുഖ്യമന്ത്രിക്കും അഭിനന്ദനങ്ങൾ, ഒരുപാട് പേര് സ്വപ്നം കാണുന്ന ഒന്നാണ് സിനിമ ഒരുപാടുപേരുടെ ജീവിതവും,നന്ദി നന്ദി നന്ദി– സുരാജ് വെഞ്ഞാറമ്മൂട്

പ്രതീക്ഷയുടെ പൂക്കളാണ് വിടരുന്നത്..മലയാള സിനിമാ മേഖലയുടെ വളർച്ചയ്ക്ക് തികച്ചും അനിവാര്യമായ തീരുമാനങ്ങളെടുത്ത ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി, അഭിവാദ്യങ്ങൾ..
വരും നല്ല നാളുകൾക്കായി
-ആസിഫ് അലി

ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പ്:

ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം; വിനോദ നികുതിയിലടക്കം ഇളവുകൾ
2021 ജനുവരി മുതൽ മാർച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
തിയറ്ററുകൾ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാർജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കും. 2020 മാർച്ച് 31നുള്ളിൽ തിയറ്ററുകൾ തദ്ദേശസ്ഥാപനങ്ങളിൽ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണൽ നികുതിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷൻ, ബിൽഡിംഗ് ഫിറ്റ്‌നസ്, ആരോഗ്യം, ഫയർഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിക്കാനും തീരുമാനിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ള തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Exit mobile version