വാളയാർ കേസ് സിബിഐ അന്വേഷിക്കും; കേന്ദ്ര ഏജൻസിയെ കേസ് ഏൽപ്പിച്ച് മുഖ്യമന്ത്രി; പ്രതികൾ കോടതിയിൽ ഹാജരാകണം

പാലക്കാട്: കേരള മനസാക്ഷിയെ നടുക്കിയ വാളയാറിലെ പെൺകുട്ടികളുടെ മരണം സിബിഐ അന്വേഷിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ദുരൂഹസാഹ
ചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണമാണ് കേന്ദ്ര ഏജൻസിയ്ക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. കേസ് സിബിഐ അന്വേഷിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ച മുഖ്യമന്ത്രിയാണ് കേസ് സിബിഐയെ ഏൽപ്പിക്കാനുള്ള തീരുമാനമെടുത്തത്. അതേസമയം, ഹൈക്കോടതി നിർദേശത്തോടെ വിചാരണകോടതിയിൽ കേസിന്റെ പുനർവിചാരണ ഉടൻ ആരംഭിക്കും.

മതിയായ തെളിവുകളുടെ അഭാവത്തിൽ വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ജനുവരി ആറിനാണ് ഹൈക്കോടതി റദ്ദാക്കിയത്. കുട്ടികളുടെ അമ്മയുടേയും സർക്കാരിന്റേയും അപ്പീൽ പരിഗണിച്ചായിരുന്നു കോടതി നടപടി. തുടർന്നാണ് വാളയാർ കേസിൽ പുനർവിചാരണ വേണമെന്ന് ഹൈക്കോടതി നിർദേശിച്ചത്. പ്രതികൾ ജനുവരി 20ന് വിചാരണ കോടതിയിൽ ഹാജരാകണം.

പുനർവിചാരണയുടെ ഭാഗമായി പ്രോസിക്യൂഷന് കൂടുതൽ സാക്ഷികളെ വിസ്തരിക്കാനും അനുമതിയുണ്ട്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥരുടേയും പ്രോസിക്യൂഷന്റേയും വിചാരണ കോടതിയുടേയും വീഴ്ചകൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ പുനർവിചാരണ ഉത്തരവ് വന്നത്. പോക്‌സോ കേസിലെ ജഡ്ജിമാർക്ക് പ്രത്യേകം പരിശീലനം നൽകണമെന്നും ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേസിൽ തുടരന്വേഷണത്തിനും സാഹചര്യമൊരുക്കി. വിചാരണ കോടതിയെ സമീപിക്കുകയും തുടരന്വേഷണത്തിന് അനുമതി ലഭിക്കുകയും ചെയ്താൽ കേസിൽ പുനഃരന്വേഷണം നടത്താനും സാധിക്കും.

Exit mobile version