ബന്ധുവിനെ പോലെ സംരക്ഷിച്ച മാഞ്ഞൂരാൻ കുടുംബത്തെ വെട്ടിനുറുക്കി ആന്റണി; വധശിക്ഷ വെട്ടിക്കുറച്ച് കോടതി; ആലുവാ കൂട്ടക്കൊലയുടെ നടുക്കുന്ന ഓർമ്മകൾക്ക് ഇരുപതാണ്ട്

ആലുവ: ആലുവ സെന്റ് മേരീസ് സ്‌കൂളിന് സമീപത്തെ പൈപ്പ്‌ലൈൻ റോഡിലെ ഇടിഞ്ഞുപൊളിഞ്ഞ വീടിന് സമീപത്തോടെ നടക്കുമ്പോൾ ഇന്നും നാട്ടുകാർക്ക് ഭയവും അസ്വസ്ഥതയുമാണ്. ഈ വീട്ടിലാണ് മാഞ്ഞൂരാൻ കുടുംബം സന്തോഷത്തോടെയും ധനാഢ്യതയിലും ജീവിച്ചതും ഒടുവിൽ രക്തത്തിൽ കുളിച്ച് ജീവൻ നഷ്ടപ്പെട്ട് പിടഞ്ഞതും. ഇരുപതാണ്ടുകൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ 2001 ജനുവരി ആറിനാണ് ആലുവയിലെ മാഞ്ഞൂരാൻ വീട്ടിൽ ആറ് പേരെ കൂട്ടക്കൊല ചെയ്തത്. കേസിൽ പ്രതി ആന്റണിക്ക് വധശിക്ഷയും പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തു.

അന്ന് ആ മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റ്യൻ (47), ഭാര്യ ബേബി (42), മക്കളായ ജെയ്‌മോൻ (14), ദിവ്യ (21), അഗസ്റ്റ്യന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് ആന്റണിയുടെ കൊലക്കത്തിക്കിരയായത്.

സ്വന്തം ബന്ധുവിനെ പോലെ സംരക്ഷിച്ച എംഎ ആന്റണി തന്റെ കുടുംബത്തെ തന്നെ നശിപ്പിക്കുമെന്ന് മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റ്യൻ കരുതിയിരുന്നിരിക്കില്ല. നാട്ടുകാർക്കും ആന്റണിയാണ് കൊലപാതകം നടത്തിയതെന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു. എന്നാൽ ശാസ്ത്രീയ പരിശോധനകൾ ആന്റണി തന്നെയാണ് പ്രതിയെന്ന് ഉറപ്പിക്കുകയായിരുന്നു.

അഗസ്റ്റ്യന്റെ കുടുംബം ആന്റണിക്ക് വിദേശത്തേക്ക് പോകാൻ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് പണം നൽകില്ലെന്ന് പറഞ്ഞതാണ് ആന്റണിയെ പ്രകോപിപ്പിച്ചത്. ഇതിനെ തുടർന്നാണ് ക്രൂരകൃത്യം പ്രതി നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ.

2001 ജനുവരി ആറിന് രാത്രിയോടെയാണ് ആ ക്രൂരതയ്ക്ക് തുടക്കമായത്. ആന്റണി പൈപ്പ് ലൈൻ റോഡിലെ അഗസ്റ്റ്യന്റെ വസതിയിലെത്തി പണം ആവശ്യപ്പെടുകയായിരുന്നു. അഗസ്റ്റ്യന്റെ സഹോദരി കൊച്ചുറാണി ആന്റണിയെ വിദേശത്തേക്ക് പോകാൻ സഹായിക്കാമെന്ന് ഏൽക്കുകയും പിന്നീട് വാക്ക് മാറ്റുകയും ചെയ്തിരുന്നു. ജനുവരി ആറിന് രാത്രിയും ഇതേ ആവശ്യവുമായാണ് ആന്റണി ഇവരുടെ വീട്ടിലെത്തിയത്. ആദ്യം വീട്ടുകാരുമായി സംസാരിച്ചിരുന്നു. പിന്നീട് അഗസ്റ്റ്യനും ഭാര്യയും മക്കളും സെക്കൻഡ് ഷോ സിനിമ കാണാനായി തിയേറ്ററിൽ പോയി. ഇതിനിടെ ആന്റണി കൊച്ചുറാണിയോട് പണം ആവശ്യപ്പെട്ടു. പണം തരില്ലെന്ന് കൊച്ചുറാണി ഉറപ്പിച്ച് പറഞ്ഞതോടെ ആന്റണിയുടെ ഭാവംമാറി.

വീട്ടിലെ വാക്കെത്തിയെടുത്ത് കൊച്ചുറാണിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ആന്റണി തടയാൻ ചെന്ന മാതാവ് ക്ലാര തൊമ്മിയേയും വെട്ടി വീഴ്ത്തി. രാത്രി പന്ത്രണ്ടുമണിയോടെ വീട്ടിലെത്തിയ അഗസ്റ്റ്യനും ഭാര്യയും മക്കളും കണ്ടത് കൊച്ചുറാണിയുടെയും ക്ലാരയുടെയും ചോരയിൽ കുളിച്ച മൃതദേഹങ്ങൾ. പക്ഷേ, വീടിനുള്ളിൽ പതുങ്ങിയിരുന്ന ആന്റണി അവരെയും വെറുതെ വിട്ടില്ല. നാലുപേരെയും ഒന്നൊന്നായി വെട്ടിനുറുക്കി. ആറുപേരും കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതോടെ സ്ഥലംവിട്ട പ്രതി മുംബൈ വഴി ദമാമിലുമെത്തി.

കേസ് ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി പ്രതി ആന്റണി തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. ഒടുവിൽ വിദേശത്തുനിന്ന് നാട്ടിലെത്തിച്ച് ആന്റണിയെ ഫെബ്രുവരി 18ന് പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കേസ് അന്വേഷണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടും കൊല്ലപ്പെട്ട ബേബിയുടെ ബന്ധുക്കൾ രംഗത്തെത്തി.

സിബിഐയും വിശദമായ അന്വേഷണം നടത്തിയെങ്കിലും കൂടുതലായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ആന്റണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. വിചാരണകോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മാറ്റമുണ്ടായില്ല. എല്ലാ കോടതികളും വധശിക്ഷ ശരിവച്ചു. രാഷ്ട്രപതിക്ക് 2010ൽ ദയാഹർജി നൽകിയെങ്കിലും അഞ്ചുവർഷത്തിനുശേഷം ഹർജി തള്ളി. സുപ്രീംകോടതിയിൽ ആദ്യംനൽകിയ പുന:പരിശോധന ഹർജിയും പിന്നീട് തള്ളിയതോടെ ആന്റണിക്ക് തൂക്കുമരം ഉറപ്പായി. എന്നാൽ 2016ൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആന്റണിയുടെ വധശിക്ഷ സ്റ്റേ ചെയ്തു. 2018ൽ ജസ്റ്റിസ് മദൻ ബി ലാക്കൂർ അധ്യക്ഷനായ ബെഞ്ച് 2018ൽ വധശിക്ഷ ജീവപര്യന്തമായി ലഘൂകരിച്ചു.

മാഞ്ഞൂരാൻ കുടുംബത്തിന്റെ മരണത്തോടെ അഗസ്റ്റിയന്റെ വീട്ടുകാരും ഭാര്യയുടെ ബന്ധുക്കളും തമ്മിൽ സ്വത്ത് തർക്കം രൂക്ഷമാവുകയും ഒടുവിൽ കോടതി ഇടപെട്ട് അഗസ്റ്റ്യന്റെ കുടുംബത്തിന് സ്വത്ത് അവകാശം നൽകുകയും ചെയ്തു.

അതേസമയം, ആന്റണി ജയിലിൽ ആയതോടെ ഭാര്യയും മക്കളും ആലുവയിൽ നിന്നും പോയി. ഇപ്പോഴവർ കേരളത്തിന് പുറത്താണ്.

Exit mobile version