കാസര്‍കോട് ബസ് അപകടം; മരിച്ചവരുടെ എണ്ണം ആറായി; 16 പേരുടെ നില ഗുരുതരം

kasarkode, bus accident | bignewslive

കാസര്‍കോട്: കാഞ്ഞങ്ങാട് പാണത്തൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം ആറായി. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. 5 മൃതദേഹങ്ങള്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയിലും ഒരു മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണ് ഉള്ളത്. 16 പേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

കര്‍ണാകയിലെ സുള്ള്യയില്‍ നിന്നും പാണത്തൂരിലേക്ക് കല്ല്യാണ പാര്‍ട്ടിയുമായി വന്ന ബസാണ് കുത്തനെയുള്ള ഇറക്കത്തില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. ബസ് ഇറക്കത്തില്‍ വച്ച് നിയന്ത്രണം വിട്ട് സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ബസില്‍ 56 പേരുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന പുതിയ വിവരം. അതേസമയം വീടിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല.

ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. നാട്ടുകാര്‍ അപകടം നടന്നയുടന്‍ തന്നെ ഓടിയെത്തുകയും പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രയിലെത്തിക്കുകയും ചെയ്തു.കാസര്‍കോട് ജില്ലാ കളക്ടര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 11.30ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കര്‍ണാടകയിലെ വിവിധ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Exit mobile version