മൂന്നാറില്‍ ക്ലിക്കായി കെഎസ്ആര്‍ടിസി; ഒരു ദിവസത്തെ കറക്കത്തിന് 250 രൂപ, ആദ്യ ദിനത്തില്‍ എത്തിയത് 30 യാത്രക്കാര്‍

മൂന്നാര്‍: കെഎസ്ആര്‍ടിസിയുടെ മൂന്നാര്‍ സര്‍വീസിന് മികച്ച പ്രതികരണം. ആദ്യദിനത്തില്‍ തന്നെ 30 പേരാണ് മൂന്നാര്‍ കറക്കത്തിനായി എത്തിയത്. വിനോദസഞ്ചാരികള്‍ക്ക് മൂന്നാറിലെ കാഴ്ചകള്‍ കണ്ട് ആസ്വദിക്കുന്നതിനായാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് പഴയ മൂന്നാര്‍ ഡിപ്പോയില്‍നിന്നു സൈറ്റ് സീയിങ് എന്ന പേരിലുള്ള ബസ് സര്‍വീസ് തുടങ്ങിയത്. രാവിലെ ഒന്‍പതിന് ഡിപ്പോയില്‍ നിന്നാരംഭിക്കുന്ന സര്‍വീസ് ആദ്യം ടോപ് സ്റ്റേഷനിലെത്തും. ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം, കുണ്ടള, എക്കോ പോയിന്റ്, മാട്ടുപ്പട്ടി, ഹണി ട്രീ, റോസ്ഗാര്‍ഡന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷം അഞ്ചുമണിയോടെ ട്രിപ്പ് അവസാനിപ്പിക്കുകയും ചെയ്യും.

ആദ്യ ട്രിപ്പില്‍ മലയാളികളായിരുന്നു ഭൂരിഭാഗം എത്തിയിരുന്നത്. 250 രൂപ മാത്രമാണ് ഒരു ദിവസത്തെ കറക്കത്തിനുള്ള ചെലവ്. ചെറിയ ചെലവില്‍ മൂന്നാറിലെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു യാത്രക്കാരിലധികവും. രാജമല, മറയൂര്‍ വഴി കാന്തല്ലൂര്‍ക്ക് ഉടന്‍ തന്നെ പുതിയ സര്‍വീസും ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിക്കുന്നു.

Exit mobile version