ക്രിസ്മസിന് വീട്ടില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചതിന് യുവാക്കളെ മര്‍ദിച്ച് ബിജെപി നേതാക്കള്‍, , പച്ച തെറി വിളിച്ച് പഞ്ചായത്ത് പ്രസിഡന്റ്, ജാതി പറഞ്ഞ് ആക്ഷേപവും; കേസ്

കോട്ടയം: ക്രിസ്മസിന് വീട്ടില്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റിന് എതിരെ കേസെടുത്തു. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

ജാതി പറഞ്ഞ് ആക്ഷേപിച്ചതിന് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മുന്‍മെമ്പര്‍ രമാദേവി രാമചന്ദ്രന്റെ വീട്ടില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു.

രമാദേവി രാമചന്ദ്രന്റെ മകന്‍ അനൂപ് ചന്ദ്രനും മൂന്ന് സുഹൃത്തുക്കളുമാണ് പടക്കം പൊട്ടിച്ചത്. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതിനെതിരെ ആശ ഗിരീഷിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ശബ്ദ മലിനീകരണം ആരോപിച്ചു കൂട്ടം കൂടുകയും പൊലീസില്‍ വിളിച്ചു പറയുകയും ചെയ്തു.

പൊലീസ് ഇടപെട്ട് 9.30 ഓടെ പടക്കം പൊട്ടിക്കുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അനൂപ് ചന്ദ്രന്റെ സുഹൃത്തുക്കളായ മൂന്ന് പേര്‍ ഓട്ടോയില്‍ തിരികെ പോകും വഴി ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

ഓട്ടോയിലുണ്ടായിരുന്ന പട്ടിക ജാതി വിഭാഗത്തില്‍പെട്ട സുഭാഷ് എന്ന ചെറുപ്പക്കാരനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ശബ്ദംകേട്ട് സംഭവസ്ഥലത്തേക്ക് എത്തിയ അനൂപ് ചന്ദ്രനും ഭാര്യ രേണുവിനെതിരെയും കയ്യേറ്റ ശ്രമമുണ്ടായെന്ന് കുടുംബം പറയുന്നു.

ഇരുപതോളം വരുന്ന ബിജെപി പ്രവര്‍ത്തകരുടെ മുന്‍പില്‍ വച്ച് ആശാ ഗിരീഷ് രേണുവിനോട് മോശം ഭാഷയില്‍ സംസാരിക്കുകയും തെറി വിളിക്കുകയും ചെയ്തു എന്നാരോപിച്ചു രേണു ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇവര്‍ ചേര്‍പ്പുങ്കല്‍ മെഡിസിറ്റി യില് ചികിത്സയില്‍ കഴിയുകയാണ്.

ജാതി വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വ്യക്തമാക്കി.

Exit mobile version