തിരുച്ചിറപ്പള്ളിയിലെ ആൾക്കൂട്ട മർദ്ദനത്തിൽ മരിച്ചത് മലയിൻകീഴ് സ്വദേശി ദീപു തന്നെ; സ്ഥിരീകരിച്ച് കേരള പോലീസ്; ഒരു വർഷമായി കാണാതിരുന്ന മകന്റെ മരണത്തിൽ പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

തിരുവനന്തപുരം: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ മോഷണശ്രമം നടത്തിയെന്ന് ആരോപിച്ച് ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയത് മലയാളിയായ ദീപുവിനെ തന്നെയെന്ന് കേരളാ പോലീസ്. മലയിൻകീഴ് സ്വദേശി ദീപുവിനെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ സ്ഥിരീകരിക്കുകയായിരുന്നു. തമിഴ്‌നാട് പോലീസിൽനിന്ന് വിവരം ലഭിച്ചതോടെ മലയിൻകീഴ് പോലീസ് ദീപുവിന്റെ വീട്ടിലെത്തി അന്വേഷണം നടത്തി. ദീപുവിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. മരണവിവരം അറിയിച്ചതോടെ ഇരുവരും പൊട്ടിക്കരഞ്ഞു.

അടിപിടി കേസുകളിൽ ഉൾപ്പടെ പ്രതിയായ ദീപു ഒരു വർഷത്തിലേറെയായി വീട്ടിൽ വരാറില്ലെന്നാണ് മാതാപിതാക്കൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കഴിഞ്ഞവർഷം ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ദീപു പ്രതിയായിരുന്നു. ഇതിനുപിന്നാലെയാണ് ഇയാൾ ഒളിവിൽ പോയതെന്ന് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു.

ദീപുവിനെതിരേ മലയിൻകീഴ്, ഫോർട്ട് പോലീസ് സ്‌റ്റേഷനുകളിൽ കേസുകളുണ്ട്. ആൾക്കൂട്ട മർദ്ദനത്തിൽ പരിക്കേറ്റ ദീപുവിനൊപ്പമുണ്ടായിരുന്ന അരവിന്ദും നിരവധി കേസുകളിൽ പ്രതിയാണ്. പൂജപ്പുരയിൽ താമസിക്കുന്ന അരവിന്ദ് മിട്ടു അരവിന്ദ് എന്നാണ് അറിയപ്പെട്ടിരുന്നത്.

കഴിഞ്ഞ ദിവസമാണ് തിരുച്ചിറപ്പള്ളിയിലെ അല്ലൂരിൽ മലയാളി യുവാക്കളെ നാട്ടുകാർ കൂട്ടംചേർന്ന് ആക്രമിച്ചത്. മോഷ്ടാക്കളാണെന്ന് ആരോപിച്ചായിരുന്നു മർദനം. ഗുരുതരമായി പരിക്കേറ്റ ദീപുവിനെയും അരവിന്ദിനെയും പിന്നീട് പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദീപു മരിക്കുകയായിരുന്നു. അരവിന്ദിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്നവിവരം.

Exit mobile version