യുഎഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ വീട്ടമ്മയെ അടക്കം വീട്ടില്‍ക്കയറി കൈയ്യേറ്റം ചെയ്ത സംഭവം; 9 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാഞ്ഞങ്ങാട്ട് വീട്ടില്‍ കയറി വീട്ടമ്മയെ അടക്കം മര്‍ദ്ദിച്ച സംഭവത്തില്‍ ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ചാണ് ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി യുവാവിനെയും കുടുംബാംഗങ്ങളെയും ആക്രമിച്ചത്.

സംഭവത്തില്‍ ഹോസ്ദുര്‍ഗ് പൊലീസാണ് കേസെടുത്തത്. ലീഗ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമണം നടത്തുന്നതും ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്തില്ലെന്ന് ആരോപിച്ചായരുന്നു ആക്രമണം.

യുവാവിനെ മര്‍ദ്ദിച്ചും സ്ത്രീകളുടെ മുഖത്തടിച്ചായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം. കൊച്ചു കുട്ടികളടക്കമുള്ളവരുടെ മുന്നില്‍ വച്ചാണ് സംഘം സ്ത്രീയെ തല്ലിയത്. പച്ചപ്പട ടീഷര്‍ട്ടുകള്‍ ധരിച്ചു വന്നവരാണ് ആക്രമണം നടത്തിയതെന്ന് വീഡിയോയായില്‍ കാണാം.

കാഞ്ഞങ്ങാട് 36-ാം വാര്‍ഡ് കല്ലൂരാവിയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസമാണ് സംഭവം. വാര്‍ഡില്‍ ലീഗിന് ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതരായ ലീഗ് സംഘമാണ് യുവാവിനെയും വീട്ടിലെ സ്ത്രീകളെയും ക്രൂരമായി മര്‍ദ്ദിച്ചത്.

കല്ലൂരാവിയില്‍ ലീഗ് സ്ഥാനാര്‍ത്ഥി സികെ അഷ്‌റഫ് ആണ് 936 വോട്ടുകള്‍ക്ക് വിജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥികളായ എം ഇബ്രാഹിമിന് 369 വോട്ടും കെ ചന്ദ്രന് 100 വോട്ടുകളും ലഭിച്ചു.

Exit mobile version