ഓട്ടോയില്‍ വില്‍പ്പന നടത്തിയ തണ്ണിമത്തന്‍ വാങ്ങി, വീട്ടിലെത്തി മുറിച്ചപ്പോള്‍ ദുര്‍ഗന്ധത്തോടെ പത നുരഞ്ഞു പൊന്തി, കാഴ്ച കണ്ട് പേടിച്ച് വീട്ടുകാര്‍

കോട്ടയം: തണ്ണിമത്തനില്‍ അത്ഭുത പ്രതിഭാസം. പുറത്തു നിന്ന് വാങ്ങിയ തണ്ണിമത്തന്‍ മുറിച്ച് കഴിക്കാനെടുത്തപ്പോള്‍ ദുര്‍ഗന്ധത്തോടെ പത നുരഞ്ഞു പൊന്തിയത് വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. ചിങ്ങവനം സീയോന്‍ കുന്നില്‍ ഡോ. അനില്‍ കുര്യന്റെ വീട്ടില്‍ വാങ്ങിയ തണ്ണിമത്തനില്‍ നിന്നാണ് വെളുത്ത നിറത്തില്‍ പത പൊങ്ങിയത്.

കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയില്‍ വില്‍പന നടത്തുന്ന ആളില്‍ നിന്നാണു തണ്ണിമത്തന്‍ വാങ്ങിയത്. കിലോ 20 രൂപയ്ക്കാണ് ഇത് വാങ്ങിയത്. കഴുകി സൂക്ഷിച്ച തണ്ണിമത്തനില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് ഏതാനും ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത്.

ആദ്യം രാസപദാര്‍ഥത്തില്‍ നിന്നുള്ള തരത്തില്‍ ദുര്‍ഗന്ധവും അനുഭവപ്പെട്ടു. വൈകീട്ട് പത മഞ്ഞ നിറമായി, മുറിച്ചപ്പോള്‍ ഉള്ളില്‍ നിന്നു കുമിളകള്‍ പുറത്തേക്കു തള്ളുന്നതായും ശ്രദ്ധയില്‍പ്പെട്ടു. ഇത് കണ്ടതോടെ വീട്ടുകാര്‍ ആകെ പരിഭ്രാന്തിയിലായി.

തണ്ണിമത്തന്‍ പോലെയുള്ള പഴങ്ങള്‍ പൊതു സ്ഥലങ്ങളിലാണ് കൂടുതല്‍ സൂക്ഷിക്കാറുള്ളത്. ഇവയില്‍ നേരിട്ട് വെയില്‍ തട്ടുമ്പോഴും ചൂട് കൂടുമ്പോഴും രാസമാറ്റം ഉണ്ടാകും. മധുരം അടങ്ങിയതിനാല്‍ പദാര്‍ഥങ്ങള്‍ പുളിച്ചു പൊങ്ങി പതയായി പുറത്തു വന്നതാകാമെന്ന് വിദഗ്ധര്‍ പറയുന്നു.

Exit mobile version