കോഴിക്കോട് 25 പേര്‍ക്ക് ഷിഗല്ല രോഗലക്ഷണങ്ങള്‍; രോഗ ഉറവിടം വ്യക്തമല്ല, ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

shigella | big news live

കോഴിക്കോട്: കൊവിഡിന് പിന്നാലെ കോഴിക്കോട് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഷിഗല്ല ബാധിച്ച് പതിനൊന്ന് വയസ്സുകാരന്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെ 25 പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ കാണിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ്.

കോര്‍പ്പറേഷന്‍ പരിധിയില്‍ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴത്താണ് കഴിഞ്ഞ ദിവസം ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. അസുഖം മൂര്‍ച്ഛിച്ച് പതിനൊന്ന് വയസ്സുകാരന്‍ മരിച്ചിരുന്നു. ഈ കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 25 പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍. ഇതില്‍ ഒമ്പത് പേര്‍ കുട്ടികളാണ്. 12 വയസ്സില്‍ താഴെ പ്രായമുള്ളവരാണ് ചികിത്സയിലുള്ളത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ രോഗം ഗുരുതരമായാല്‍ മരണ സാധ്യത കൂടുതലാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആകാം ബാക്ടീരിയ പ്രവേശിച്ചതെന്നാണ് നിഗമനം. ഉറവിടം മനസിലാക്കാന്‍ പ്രദേശത്തെ നാല് കിണറുകളില്‍ നിന്ന് ആരോഗ്യ വകുപ്പ് വെള്ളം ശേഖരിച്ച് പരിശോധനയക്ക് അയച്ചിട്ടുണ്ട്.

വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തം കലര്‍ന്ന മലം. ഇതൊക്കെയാണ് ഷിഗല്ല രോഗത്തിന്റെ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്.

അതുകൊണ്ട് തുറസ്സായ ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തരുത്, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ജലസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക, വ്യക്തി ശുചിത്വം പാലിക്കുക, ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പിട്ട് കഴുക, പഴകിയ ഭക്ഷണങ്ങള്‍ കഴിക്കരുത്, രോഗമുള്ളവരുമായി മറ്റുള്ളവര്‍ ഇടപെടുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Exit mobile version