ജനവിധിയിൽ സംസ്ഥാന സർക്കാരിന് സന്തോഷിക്കാൻ ഒന്നുമില്ല; ആകെ നേട്ടമുണ്ടായത് ബിജെപിക്ക് മാത്രം: വി മുരളീധരൻ

V Muraleedharan | Kerala News

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി ഉണ്ടായില്ലെന്നും മറിച്ച് നേട്ടമാണ് ഉണ്ടായതെന്നും അവകാശപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മാത്രമാണ് സീറ്റ് വർധിപ്പിക്കാനായത് അദ്ദേഹം പ്രതികരിച്ചു. ജനവിധിയിൽ സംസ്ഥാന സർക്കാരിന് ആശ്വസിക്കാൻ ഒന്നുമില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിലെ സാഹചര്യങ്ങളാണ് കൂടുതലായി പ്രതിഫലിച്ചത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. കൃത്യമായ ലക്ഷ്യം ഉണ്ടായിരുന്നു. എന്നാൽ ലക്ഷ്യം നേടാൻ സാധിച്ചില്ല. തെരഞ്ഞെടുപ്പിൽ എല്ലാവർക്കും വിജയം കിട്ടിയെന്ന് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം ഇത് ആദ്യമായാണ് കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതികരിക്കുന്നത്.

ബിജെപിയെ തിരുവനന്തപുരത്തടക്കം തോൽപ്പിക്കാനായി ആസൂത്രിത ശ്രമങ്ങളാണ് നടന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ സമീപിച്ചതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു വി മുരളീധരന്റെ മറുപടി. സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള ഒ രാജഗോപാലിന്റെ വിമർശനും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഏത് സാഹചര്യത്തിലാണ് അവർ അത് പറഞ്ഞത് എന്ന് വ്യക്തമാകാതെ പ്രതികരിക്കുന്നില്ലെന്നും കേന്ദ്രസഹമന്ത്രി പറഞ്ഞു.

Exit mobile version