ഏറ്റവും നല്ല പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല, പക്ഷേ…; പിസി ജോര്‍ജ് പറയുന്നു

PC George | Bignewslive

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി പിസി ജോര്‍ജ് എംഎല്‍എ. പ്രതിപക്ഷ നേതാവെന്ന നിലയല്‍ രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ പ്രവര്‍ത്തനം മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പ്രമുഖ മാധ്യമത്തിലെ ചര്‍ച്ചയിലാണ് പിസി ജോര്‍ജിന്റെ പരാമര്‍ശം.

‘നിയമസഭയില്‍ ഇത്രയും നല്ല പ്രതിപക്ഷ നേതാവെന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയ്ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ എനിക്കൊരു മടിയുമില്ല. അതൊരു സത്യമാണ്’, പിസി ജോര്‍ജ് പറഞ്ഞു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയില്‍ വളരെ വലിയ വിജയമാണെന്നും പക്ഷെ പുറത്ത് അത്ര വിജയമല്ലെന്ന് സമ്മതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പുറത്ത് അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ ആളില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അദ്ദേഹം സമരം ചെയ്യാന്‍ പറഞ്ഞാല്‍ രണ്ട് പേര് കാണും. ആള് കാണുകേല’, പിസി ജോര്‍ജ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒറ്റക്കെട്ടായി നീങ്ങിയാല്‍ ഭരണം വീണ്ടും തിരികെ കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിന് പിന്നാലെ രമേശ് ചെന്നിത്തലക്കെതിരെയും മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി പിസി ജോര്‍ജ് രംഗത്തെത്തിയത്.

Exit mobile version