എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് എത്തിയിട്ടും ഉലഞ്ഞില്ല; ഈ തെരഞ്ഞെടുപ്പ് ചരിത്ര വിജയം സമ്മാനിക്കും: മുഖ്യമന്ത്രി

Pinarayi Vijayan | Kerala News

കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയൻ പിണറായിയിലെ ചേരിക്കൽ സ്‌കൂളിൽ കുടുംബത്തോടൊപ്പം വോട്ടു ചെയ്യാനെത്തി. ഈ തെരഞ്ഞെടുപ്പ് ചരിത്ര വിജയം സമ്മാനിക്കുന്ന തിരഞ്ഞെടുപ്പായിരിക്കുമെന്നും വോട്ടിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. ‘ഇതുപോലൊരു തെരഞ്ഞെടുപ്പ് കേരളത്തിൽ മുമ്പൊരു ഘട്ടത്തിലും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് ഞങ്ങളെ നേരിടാൻ തയ്യാറെടുക്കുകയും അതിനാവശ്യമായ എല്ലാ ഒത്താശകൾ കേന്ദ്ര ഏജൻസികളും ചെയ്തുകൊടുക്കുകയുമാണ്. ഞങ്ങളെ ചെറിയ തോതിൽ ക്ഷീണിപ്പിക്കാമെന്നും ഉലയ്ക്കാമെന്നുമാണ് അവരുടെ പ്രതീക്ഷ. 16ാം തീയതി മനസ്സിലാകും ആരാണ് ഉലഞ്ഞതെന്നും ആരാണ് ക്ഷീണിച്ചതെന്നും’.- മുഖ്യമന്ത്രി പറഞ്ഞു.

ഐതിഹാസികമായ വിജയമായിരിക്കും എൽഡിഎഫ് നേടാൻ പോകുന്നത്. അതോടെ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കണമെങ്കിൽ അവർക്ക് കടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്ത് കേരളത്തിൽ മാത്രമാണ് കോവിഡിനെതിരായ ചികിത്സ മുഴുവനും സൗജന്യമായിട്ടുള്ളത്. ഇവിടെ ഞങ്ങൾ തുടർച്ചയായി ഇന്നേ വരെ സൗജന്യ ചികിത്സയാണ് നൽകിയത്. അതിന്റെ ഭാഗം തന്നെയാണ് പ്രതിരോധ നടപടിയും അതിൽ യാതൊരു പെരുമാറ്റച്ചട്ട ലംഘനവുമില്ല. ജനങ്ങൾ പ്രകോപിതരായി ഞങ്ങളുടെ കൂടെ നിന്ന് ആത്മരോഷത്തോടെയാണ് വോട്ടു ചെയ്യാൻ വരുന്നത്. യുഡിഎഫിന് തിരിച്ചടിയുണ്ടാവുമെന്ന് മാത്രമല്ല, ലീഗിന്റെ അടിത്തറ തകരുംമെന്നും പിണറായി പ്രതികരിച്ചു.

‘ഇതേവരെ വോട്ട് ചെയ്തവർ വലിയ തോതിലുള്ള പിന്തുണയാണ് എൽഡിഎഫിന് നൽകിയത്. ഞങ്ങൾ ജയിക്കാൻ സാധ്യതയില്ലെന്ന് കണക്കാക്കിയ പ്രദേശങ്ങൾ വരെ ഞങ്ങളുടേതായി മാറാൻ പോവുകയാണ്. ഈ ജില്ലകൾ എല്ലാ കാലത്തും എന്തായിരുന്നെന്ന് എല്ലാവർക്കുമറിയാം. എൽഡിഎഫിന്റെ ഐതിഹാസിക വിജയം ഉറപ്പിക്കുന്ന തെരഞ്ഞെടുപ്പാണിത്. കള്ളങ്ങളോടും നുണകളോടും ജനം എങ്ങനെ പ്രതികരിക്കുമെന്ന് കാണിക്കുന്ന തെരഞ്ഞെടുപ്പുമായിരിക്കും ഇത്’.

Exit mobile version