ബസിന്റെ മധ്യഭാഗം മരത്തിലിടിച്ചത് തീവ്രത കുറച്ചു; ആഘാതം മുഴുവൻ ഷാസി താങ്ങി; അല്ലായിരുന്നെങ്കിൽ…

കൊച്ചി: എറണാകുളത്ത് കെഎസ്ആർടിസി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരണപ്പെട്ടതിന്റെ ആഘാതത്തിൽ നിന്നും ഇതുവരെ മുക്തരായിട്ടില്ല യാത്രക്കാരും കെഎസ്ആർടിസി സഹപ്രവർത്തകരും. തിരുവനന്തപുരം സ്വദേശി അരുൺ സുകുമാറാ(37)ണ് മരിച്ചത്.

എന്നാൽ അപകടം വിലയിരുത്തിയവർ ബസിന്റെ മധ്യഭാഗം മരത്തിലിടിച്ചതാണ് ഇടിയുടേയും അപകടത്തിന്റേയും ആഘാതം കുറച്ചതെന്നാണ് പരാമർശിക്കുന്നത്. മറിച്ചായിരുന്നെങ്കിൽ ചിന്തിക്കാൻ പോലും സാധിക്കാത്ത അത്രയും വലിയാരു ദുരന്തവാർത്ത ശ്രവിക്കേണ്ടി വന്നേനെ.

ബസിന്റെ മുൻവശത്തെ മധ്യഭാഗം മരത്തിലേക്ക് ഇടിച്ചതു മൂലമാണ് അപകടത്തിന്റെ തീവ്രത കുറഞ്ഞത്. അതുകൊണ്ടുതന്നെ ടിയുടെ ആഘാതം മുഴുവൻ ബസിന്റെ ഷാസി താങ്ങി. ഏതെങ്കിലും വശത്തായിരുന്നു ഇടിച്ചിരുന്നതെങ്കിൽ കൂടുതൽ മാരകമാകുമായിരുന്നു. ബസിലെ മുൻഭാഗത്തെ സീറ്റുകളിലിരുന്ന യാത്രക്കാർക്കാണ് കൂടുതൽ പരിക്കുണ്ടായത്.

അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ് തിരുവനന്തപുരത്തു നിന്ന് രാത്രി 11.45നാണു പുറപ്പെട്ടത്. സൂപ്പർ ഡീലക്‌സ് ബസ് ആയതിനാൽ അധികം സ്റ്റോപ്പുകൾ ഉണ്ടായിരുന്നില്ല. വൈറ്റിലയിൽ ബസ് നിർത്തുകയും ചില യാത്രക്കാർ ഇറങ്ങുകയും ചെയ്തതിട്ടുണ്ടെന്ന് കണ്ടെത്തി. അതേസമയം, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും എന്താണ് അപകടകാരണമെന്നു വ്യക്തമല്ലെന്നു പാലാരിവട്ടം പോലീസ് പറയുന്നു.

ബസ് ബ്രേക്ക് ചെയ്യുകയോ വെട്ടിക്കാൻ ശ്രമിക്കുകയോ ചെയ്തതിന്റെ ലക്ഷണങ്ങളില്ല. അപകടമുണ്ടായ ഉടൻ ഗാന്ധിനഗറിൽ നിന്ന് അഗ്നിരക്ഷാ സേനയും പാലാരിവട്ടം പോലീസുമെത്തി രക്ഷാപ്രവർത്തനം നടത്തി. ദേശീയ പാത ആയതിനാൽ മരം മുറിച്ചു നീക്കി ഉടൻ തന്നെ ഗതാഗതം പുനഃസ്ഥാപിച്ചു.

Exit mobile version