സംസ്ഥാനം ബുറെവി ചുഴലിക്കാറ്റ് ഭീതിയില്‍; തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

heavy rain | big news live

തിരുവനന്തപുരം: സംസ്ഥാനം ബുറെവി ചുഴലിക്കാറ്റ് ഭീതിയില്‍. തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഇടുക്കി എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ക്യാമ്പുകള്‍ സജ്ജമാക്കി. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ബുറെവി’ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കന്‍ തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 370 കിലോ മീറ്ററും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 770 കിലോ മീറ്ററും ദൂരത്തിലാണ് ചുഴലിക്കാറ്റ്.

കരയില്‍ പ്രവേശിക്കുമ്പോള്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ പരമാവധി ഒരു മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ ആയിരിക്കും. തുടര്‍ന്ന് ശക്തി കുറയുന്ന ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ ഗള്‍ഫ് ഓഫ് മാന്നാര്‍, കോമറിന്‍ കടലില്‍ പ്രവേശിക്കും. വെള്ളിയാഴ്ച പുലര്‍ച്ചയോടെ കന്യാകുമാരിയുടെയും പാമ്പന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്നാട് തീരത്തേക്ക് പ്രവേശിക്കുമെന്നാണ് പ്രവചനം.

അവിടെ നിന്ന് അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ള ചുഴലിക്കാറ്റ് കേരള തീരത്ത് നേരിട്ട് പ്രവേശിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന്റെ കാര്യമായ സ്വാധീനമുണ്ടാകും. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ജാഗ്രത നിര്‍ദേശമുണ്ട്.

അതേസമയം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.

Exit mobile version