മോഷ്ടിച്ച ബൈക്കുമായി സിനിമ സ്‌റ്റൈലില്‍ കാമുകിയെ കാണാന്‍ പോയി, മടങ്ങി വരുന്നതിനിടെ അപകടത്തില്‍പ്പെട്ടു, പിന്നീട് പോലീസിന്റെ പിടിയിലും!

താനൂര്‍: മോഷ്ടിച്ച ബൈക്കുമായി സിനിമ സ്‌റ്റൈലില്‍ കാമുകിയെ കാണാന്‍ പോയി മടങ്ങവെ അപകടത്തില്‍പ്പെട്ട് യുവാവും സുഹൃത്തുക്കളും പോലീസ് പിടിയില്‍. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റ്യാടി മുഹമ്മദ് അകിബ് (ആഷിഖ് -21), പൊക്ലിന്റെ പുരക്കല്‍ റസല്‍ (19), കുഞ്ഞിക്കപ്പന്റെ പുരക്കല്‍ മുഹമ്മദ് ഹുസൈന്‍ (അമീന്‍- 24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൊല്ലത്തെ കാമുകിയെ കണ്ട് മടങ്ങും വഴിയാണ് അപകടത്തില്‍പെട്ട യുവാക്കള്‍ അറസ്റ്റിലായത്. പുത്തരിക്കലില്‍ നിന്ന് മോഷ്ടിച്ച ബൈക്കില്‍ യാത്ര തിരിച്ച ഇവര്‍ തെന്മലയില്‍ വാഹനം വിറ്റു. സംഘത്തില്‍ ഒരാളുടെ കാമുകിയെ കാണാനായിരുന്നു യാത്ര.

കൊല്ലം ചാത്തന്നൂരില്‍നിന്ന് മറ്റൊരു ബൈക്ക് കവര്‍ന്നു. ഒരാള്‍ ബസിലും മറ്റുള്ളവര്‍ ബൈക്കിലും മടങ്ങി. പാലക്കാട് മലപ്പുറം അതിര്‍ത്തിയില്‍ ബൈക്ക് മറിഞ്ഞ് റസലും ഹുസൈനും അപകടത്തില്‍ പെട്ടു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

തുടരന്വേഷണത്തിലാണ് യുവാക്കള്‍ ബൈക്ക് മോഷ്ടിച്ച് എത്തിയതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് 3 പേരെയും സിഐ പി.പ്രമോദ്, എസ്‌ഐ എന്‍.ശ്രീജിത്, എഎസ്‌ഐ പ്രതീഷ്, സിപിഒമാരായ എം.പി.സബറുദ്ദീന്‍, കെ.സലേഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു.

Exit mobile version