വിഡി സതീശനും കുരുക്ക് മുറുകുന്നു, പുനര്‍ജനി പദ്ധതിക്കായി അനുമതിയില്ലാതെ വിദേശ സാമ്പത്തിക സഹായം സ്വീകരിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം, സ്പീക്കറുടെ അനുമതി തേടി

കൊച്ചി: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശനെതിരെ അന്വേഷണം പ്രഖ്യാപിച്ച് വിജിലന്‍സ്. ഇത് സംബന്ധിച്ച് പ്രോസിക്യൂഷന്‍ അനുമതി നേടി. സര്‍ക്കാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അനുമതി ലഭിച്ചാലുടന്‍ പ്രാഥമികാന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടും.

പുനര്‍ജനി പദ്ധതിയില്‍ അനുമതിയില്ലാതെ വിദേശ സാമ്പത്തിക സഹായം സ്വീകരിച്ചതടക്കം വിഡി സതീശന് കുരുക്കാവും. ‘പുനര്‍ജനി: പറവൂരിന് പുതുജീവന്‍’ എന്ന പദ്ധതി നിയമഭാ സെക്രട്ടറിയേറ്റിന്റെ അറിവോടെയല്ലായെന്നതിന്റെ വിവരാവകാശ രേഖ നേരത്തെ പുറത്ത് വന്നിരുന്നു.

ചിറ്റാറ്റുകര പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ടിഎസ് രാജനായിരുന്നു വിവരാവകാശ രേഖ ലഭിച്ചത്. ഇതില്‍ വിഡി സതീശന്‍ നടത്തിയ വിദേശ യാത്രകള്‍ നിയമസഭാ സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയല്ലെന്നും പരാമര്‍ശമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങിയാണ് വിദേശയാത്രകള്‍ നടത്തി പദ്ധതിക്ക് പണം പിരിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു.

എന്നാല്‍ മന്ത്രിമാര്‍ക്ക് പ്രളയ ദുരിതാശ്വാസത്തിന് ധനശേഖരണാര്‍ഥം വിദേശയാത്ര നടത്താന്‍പോലും കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടാത്ത അവസരത്തില്‍ എംഎല്‍എ മാത്രമായ വി ഡി സതീശന് എങ്ങനെ അനുമതി ലഭിച്ചു എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

Exit mobile version