‘സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ട മഹാനായ ഫുട്‌ബോളര്‍’; ഡീഗോ മറഡോണയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

chief minister pinarayi vijayan

തിരുവനന്തപുരം: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മറഡോണയുടെ വേര്‍പാടില്‍ ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികളോടൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ട മഹാനായ ഫുട്‌ബോളര്‍ ആണ് മറഡോണ എന്നും ലോകകപ്പ് ലോകത്തിലെ ഏത് കോണില്‍ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണെന്നുമാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഇതിഹാസ ഫുട്‌ബോള്‍ താരം മാറഡോണയുടെ വേര്‍പാടില്‍ ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നു. ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്‌ബോള്‍. ആ കലയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു മാറഡോണ. അര്‍ജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് ഒരു പക്ഷെ കേരളത്തിലായിരിക്കും. 1986 അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തിയതുമുതല്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് ലോകത്തിലെ ഏത് കോണില്‍ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണ്.

1986 ലോകകപ്പില്‍ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും വിഖ്യാത ഗോളി പീറ്റര്‍ ഷില്‍ട്ടനെയും മറികടന്ന് മാറഡോണ നേടിയ ഗോള്‍ ലോകം ദര്‍ശിച്ച ഏറ്റവും സുന്ദരവും സമര്‍ത്ഥവുമായ ഗോളാണ്. അത് ഏറെക്കാലം അങ്ങിനെതന്നെ നിലനില്‍ക്കും. അര്‍ജന്റീന ലോകഫുട്‌ബോളിലെ പ്രബലര്‍ ആണെങ്കിലും ആ രാജ്യത്തെ ഫുട്‌ബോളിന്റെ നെറുകയില്‍ എത്തിച്ചത് മാറഡോണയാണ്. ക്യൂബയുടെയും ഫിദല്‍ കാസ്‌ട്രോയുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ എന്നത് അദ്ദേഹത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടിന്റെ തെളിവാണ്. ആ മഹാനായ ഫുട്‌ബോളര്‍ എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ടു.

Exit mobile version