വ്യാജമൊഴി നൽകാൻ പ്രേരിപ്പിച്ച ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കണം; രാഷ്ട്രീയ ലാക്കോടെ ഇ ഡി കോടതികളെ തെറ്റിദ്ധരിപ്പിച്ചു; സംസ്ഥാന പോലീസ് മേധാവിക്ക് സുപ്രീം കോടതി അഭിഭാഷകയുടെ പരാതി!

shivasankar and swapna

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ പേരിൽ സർക്കാരിനെതിരെ എൻഫോഴ്‌സ്‌മെന്റ് ക്രിമിനൽ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയായ ഡിജിപിക്ക് സുപ്രീം കോടതി അഭിഭാഷകയുടെ പരാതി. മലയാളിയും തൃശ്ശൂർ സ്വദേശിനിയുമായ സുപ്രീംകോടതി അഭിഭാഷകയാണ് കേസിൽ നീതിപൂർവ്വമായ അന്വേഷണം ഉറപ്പുവരുത്തണമെന്നും കേന്ദ്ര ഏജൻസികളുടെ ഇടപെടൽ സംശയാസ്പദമാണെന്നും ചൂണ്ടിക്കാണിച്ച് പോലീസിനെ സമീപിച്ചിരിക്കുന്നത്.

നയതന്ത്ര ഇടവഴിയിലൂടെ സ്വർണ്ണം കടത്തിയ കേസിൽ അറസ്റ്റിലായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് തുടങ്ങിയ പ്രതികളെ മുന്നിൽ നിർത്തി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ ഇഡി രാഷ്ട്രീയ പ്രേരിതമായി നീങ്ങുന്നെന്നും സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇഡിയുടെ കസ്റ്റഡിയിൽ കഴിയുന്ന പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ 19ാം തീയതി പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിക്കുകയാണെന്നും ഭീഷണിപ്പെടുത്തി മൊഴി രേഖപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും സ്വപ്‌ന സംസാരിക്കുന്നതായാണ് ഈ ശബ്ദരേഖയിൽ ഉള്ളത്.

തന്റെ മൊഴി വായിച്ച് നോക്കാൻ പോലും ഉദ്യോഗസ്ഥർ സമ്മതിക്കുന്നില്ലെന്നും നിർബന്ധിച്ച് ഒപ്പിടീക്കുകയാണെന്നും ശബ്ദരേഖയിൽ സ്വപ്‌ന പറയുന്നുണ്ട്. ഇഡിയുടെ എല്ലാ പ്രവർത്തികൾക്ക് പിന്നിലും അജ്ഞാതരായ ആരുടെയൊക്കെയോ നിർദേശങ്ങളുണ്ടെന്ന് വ്യക്തമാണ്. ഇവർ ചേർന്നുള്ള ഗൂഢാലോചനയാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്.

പുറത്തുവന്നിരിക്കുന്നത് സ്വപ്‌നയുടെ ശബ്ദം തന്നെയാണ് വ്യക്തമായ സാഹചര്യത്തിൽ ബന്ധപ്പെട്ടവർക്ക് നേരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ഉന്നയിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാജമൊഴി നൽകണമെന്ന് ഭീഷണിപ്പെടുത്തി നിർബന്ധിക്കുന്നത് ഗുരുതരമായ വിഷയമാണ്. ജനാധിപത്യം വഴി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റൈ വിശ്വാസ്യതയെ തന്നെ തകർക്കുന്ന രീതിയിൽ അന്വേഷണ ഏജൻസികൾ നീങ്ങുന്നതിനെ തടയണമെന്നും പോലീസ് ഇടപെടലുണ്ടാവണമെന്നുമാണ് പരാതിക്കാരി ആവശ്യപ്പെടുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കുന്ന തരത്തിലാണ് കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രവർത്തനമെന്നും പരാതിയിൽ വിമർശനമുണ്ട്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സർക്കാരിനെതിരെ നടത്തുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നത്. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വാർത്തകളും സർക്കാരിനെതിരായ മനഃപൂർവ്വമായ നീക്കങ്ങളും എൻഫോഴ്‌സ്‌മെന്റിന്റെ ഗൂഢാലോചന ആണെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ അറസ്റ്റിലും പരാതിക്കാരി സംശയമുന്നയിക്കുന്നുണ്ട്. കുറ്റവാളി അല്ലാതിരുന്നിട്ടും കൃത്യമായ തെളിവില്ലാതെയും ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ ഇഡി കാണിച്ച വ്യഗ്രതയും സംശയാസ്പദമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നടത്തുന്ന കസ്റ്റംസും എൻഐഎയും ശിവശങ്കറിനെ പ്രതിയായി ചൂണ്ടിക്കാണിക്കുന്നില്ല. എന്നിട്ടും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് അതിവേഗത്തിൽ അറസ്റ്റ് രേഖപ്പെടുത്തലും ഭീഷണിയുമായി മുന്നോട്ടു പോകുന്നത് ആശങ്കപ്പെടുത്തുന്ന തരം ഇടപെടലാണ്. ശിവശങ്കറിനെ ഉടനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും ആരോപണവിധേയനല്ലെന്നും ഹൈക്കോടതിയിൽ ബോധിപ്പിച്ച ഇഡി, പക്ഷെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയുള്ള മണിക്കൂറിൽ തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു.

രാഷ്ട്രീയ പ്രേരിതമായാണ് ഇഡിയുടെ പ്രവർത്തനം. ചിലർക്കൊപ്പം ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തുകയാണ് ഇഡിയെന്നും
അധികാരം ദുർവിനിയോഗം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ പ്രവർത്തിക്കുകയും ഹൈക്കോടതിയെ മനഃപൂർവ്വമായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് നിസാര വിഷയങ്ങളല്ല എന്നും പരാതിയിൽ അടിവരയിട്ട് പറയുന്നുണ്ട് .കേസ് നിലനിൽക്കാനായി കൃത്രിമമായി രേഖകളുണ്ടാക്കുകയും ഭീഷണിപ്പെടുത്തി മൊഴി രേഖപ്പെടുത്തി തെളിവുകൾ ഉണ്ടാക്കുകയും ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്നും ഇ ഡി ക്കെതിരെ പരാതിക്കാരിയായ അഭിഭാഷക അക്കമിട്ട് നിരത്തി ചൂണ്ടിക്കാണിക്കുന്നുണ്ട്.

Exit mobile version