പത്രികയില്‍ പിന്താങ്ങുന്ന ആളായി ഒപ്പിട്ടത് തന്റെ അറിവോടയല്ലെന്ന് പരാതി, യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു, എതിരില്ലാതെ സിപിഎം

തലശ്ശേരി: കേരളം തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രചാരണം നടക്കുകയാണ്. അതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതോടെ തലശ്ശേരിയില്‍ നഗരസഭയിലെ 27 മമ്പള്ളിക്കുന്ന് വാര്‍ഡില്‍ സി.പി.എം. സ്ഥാനാര്‍ഥി എ.സിന്ധുവിന് എതിരാളികളില്ലാതെ വിജയ സാധ്യത.

യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പത്രിക നല്കിയ കോണ്‍ഗ്രസിലെ ശ്യാമള പത്രിക പിന്‍വലിച്ചു. പിന്താങ്ങിയ ഷാജികുമാറിന്റെ പരാതിയെത്തുടര്‍ന്നാണ് ശ്യാമള പത്രിക പിന്‍വലിച്ചത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പിന്താങ്ങുന്ന ആളായി പത്രികയില്‍ പേരുചേര്‍ത്ത് ഒപ്പിട്ടതെന്നാണ് ഷാജികുമാറിന്റെ പരാതി.

ന്യൂമാഹി പോലീസ് സ്റ്റേഷനിലും റിട്ടേണിങ് ഓഫീസര്‍ക്കും ഷാജികുമാര്‍ പരാതി നല്കി. പോലീസ് അന്വേഷണം തുടങ്ങാനിരിക്കെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചത്. വാര്‍ഡില്‍ സിന്ധുവും ശ്യാമളയും മാത്രമേ പത്രിക നല്കിയിരുന്നുള്ളൂ.

ശ്യാമള പത്രിക പിന്‍വലിച്ചതോടെ മത്സരരംഗത്ത് സിന്ധുവിന് എതിരില്ലാതായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാര്‍ഡില്‍ സി.പി.എം. സ്ഥാനാര്‍ഥി 578 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. മഹിളാ അസോസിയേഷന്‍ കോടിയേരി സൗത്ത് വില്ലേജ് കമ്മിറ്റിയംഗവും സി.പി.എം. കോടിയേരി മഠം ബ്രാഞ്ച് അംഗവുമാണ് ആദ്യ മത്സരത്തിനിറങ്ങിയ സിന്ധു.

Exit mobile version