കറന്റ് ബില്‍ വരുമ്പോള്‍ പെണ്ണിന് ഷോക്കടിക്കുമോ?; വൈറലായി കെഎസ്ഇബിക്കാരന്റെ സേവ് ദി ഡേറ്റ്

തികച്ചും വ്യത്യസ്തമായ ഒരു സേവ് ദി ഡേറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മീറ്റര്‍ റീഡിങ് കുറിച്ചെടുക്കാനെത്തുന്ന കെഎസ്ഇബിക്കാരന്‍ നായകനും മുറ്റത്ത് കോലം വരയ്ക്കുന്ന ശാലീന സുന്ദരിയായ നായികയുമാണ് ചിത്രങ്ങളിലുള്ളത്.

ഇവരുടെ പ്രണയ നിമിഷങ്ങളാണ് സേവ് ദി ഡേറ്റ് ചിത്രങ്ങളായി പിറന്നത്. കോട്ടയത്തെ കെഎസ്ഇബിയിലെ മീറ്റര്‍ റീഡര്‍ കോണ്‍ട്രാക്റ്റ് സ്റ്റാഫ് രാജേഷിന്റെയും ശരണ്യയുടെയും സേവ് ദി ഡേറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

കളര്‍ സ്‌പോട്ട് വെഡ്ഡിംഗ് ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ‘വിവാഹത്തിന്റെ സേവ് ദി ഡേറ്റ് ഫൊട്ടോഗ്രഫി എന്റെ ജോലിയുമായി ബന്ധപ്പെട്ട് ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ മോഹം പങ്കുവച്ചതാകട്ടെ കളര്‍ സ്‌പോട്ട് വെഡ്ഡിംഗ് ഫൊട്ടോഗ്രഫിയിലെ കണ്ണനോടും. ഒന്ന് ഇരുത്തി ചിന്തിച്ച ശേഷം പുള്ളിക്കാരന്‍ ആശയം പറഞ്ഞു. എനിക്ക് നൂറുവട്ടം സമ്മതം’- എന്ന് രാജേഷ് പറയുന്നു.

ഫൊട്ടോഗ്രാഫര്‍ പറഞ്ഞ ഒരേയൊരു ഡിമാന്റ് ചിത്രങ്ങള്‍ക്ക് പശ്ചാത്തലമായി പഴയ മനയോ, തറവാടോ കണ്ടുപിടിക്കണമെന്നാണ്. തേടി നടന്ന് ഒടുവില്‍ അതും കണ്ടുപിടിച്ചു. കുമാരനല്ലൂരുള്ള സുഹൃത്തായ സുജിത്തിന്റെ മന എല്ലാം കൊണ്ടും അനുയോജ്യമായിരുന്നുവെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രങ്ങള്‍ക്ക് താഴെ രസികന്‍ കമന്റുകളാണ് പ്രത്യക്ഷപ്പട്ടത്. ഇവര്‍ക്കുണ്ടാകുന്ന കുഞ്ഞിന് കെഎസ്ഇബി കറന്റ് ബില്‍ ഫ്രീയാക്കി കൊടുക്കുമോ എന്നാണ് ഒരു കമന്റ്. കറന്റുബില്‍ വരുമ്പോള്‍ പെണ്ണിന് ഷോക്കടിക്കുമോ എന്നാണ് മറ്റൊരു കമന്റ്. വിവാഹ ഫൊട്ടോഗ്രഫി പരിധി വിടുന്ന കാലത്ത് മാതൃകാപരവും ഭാവനാപൂര്‍ണവുമായ ആശയം എന്ന് പറഞ്ഞവരുമുണ്ട്.

Exit mobile version