പ്രതിശ്രുത വധുവിനോടൊപ്പം സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ ‘സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്’; ഡോക്ടറുടെ ജോലി തെറിച്ചു; കലിപ്പിൽ ആരോഗ്യമന്ത്രി

ബംഗളൂരു: ഗവ. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയ ഡോക്ടറുടെ ജോലി പോയി. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ പ്രതിശ്രുത വധുവിനോടൊപ്പം ഫോട്ടോഷൂട്ട് നടത്തിയ യുവഡോക്ടര്‍ക്ക് എതിരെ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.

ഇരുവരുടേയും ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെയാണ് നടപടി. ഒരു മാസം മുമ്പ് നാഷണല്‍ മെഡിക്കല്‍ ഓഫീസറായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന ഡോക്ടറെയാണ് പിരിച്ചുവിട്ടതെന്ന് ചിത്രദുര്‍ഗ ജില്ലാ ആരോഗ്യ ഓഫീസര്‍ രേണു പ്രസാദ് അറിയിച്ചു.

ചിത്രദുര്‍ഗ ജില്ലയിലെ ഭരമസാഗര്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോക്ടറാണ് ഫോട്ടോഷൂട്ടിലെ ‘നായകന്‍’, പ്രതിശ്രുതവധുവിനൊപ്പം ശസ്ത്രക്രിയ നടത്തുന്നതായാണ് ഇരുവരും അഭിനയിച്ചത്. ചിത്രീകരണത്തിനായി ഇവര്‍ മെഡിക്കല്‍ ഉപകരണങ്ങളും ലൈറ്റിങ് സജ്ജീകരണവും ഉപയോഗിക്കുകയും ചെയ്തിരുന്നു.

ALSO READ- ‘ഇന്നെന്റെ പിറന്നാളാണ്, അച്ഛനും അമ്മയും എപ്പോ വരും’, കാത്തിരുന്ന് പത്തുവയസുകാരൻ; മരത്തിൽതൂങ്ങിയ നിലയിൽ കെഎസ്ആർടിസി കണ്ടക്ടറുടെ മൃതദേഹം; വാനിന്റെ മുന്നിൽച്ചാടി ഭാര്യ

കാമറാമാനേയും സാങ്കേതിക ജോലിക്കാരെയും ഇവര്‍ തന്നെയാണ് ഏര്‍പ്പാടാക്കിയതും വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടതും. അതേസമയം, ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജില്ലാ ഭരണകൂടം ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.


സര്‍ക്കാര്‍ ആശുപത്രികള്‍ നിലകൊള്ളുന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ്, അല്ലാതെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയല്ല. ഡോക്ടര്‍മാരുടെ ഇത്തരം അച്ചടക്കമില്ലായ്മ സഹിക്കാനാവില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു എക്സിലൂടെ പ്രതികരിച്ചു.

Exit mobile version