പൂമ്പാറ്റ സിനിയെ വീണ്ടും പോലീസ് പൊക്കി..! ഇത്തവണ തട്ടിയത് ആറ് ലക്ഷം

മാള: പൂമ്പാറ്റ സിനി എന്നറിയപ്പെടുന്ന പള്ളുരുത്തി സ്വദേശി തണ്ടാശ്ശേരി ഷീജ, തട്ടിപ്പിനിടെ മാള പോലീസിന്റെ പിടിയിലായി. ഒട്ടേറെ സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതിയാണ് പൂമ്പാറ്റ സിനി. ഒല്ലൂര്‍ മേബന്‍ നിധി ലിമിറ്റഡില്‍ നിന്ന് 6 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്. സിനിയുടെ കൂടെ എടക്കുന്നി സ്വദേശി പൊട്ടനാട് ഉല്ലാസിനേയും പോലീസ് പിടികൂടിയിട്ടുണ്ട്.

മേബന്‍ നിധി ലിമിറ്റഡില്‍ നിന്ന് സിനിയും ഉല്ലാസും കൂടി 6 ലക്ഷം രൂപ ചോദിച്ചു. തുക ലഭിച്ചാല്‍ അഷ്ടമിച്ചിറയിലുള്ള ജ്വല്ലറിയില്‍ നിന്ന് 40 പവന്‍ സ്വര്‍ണ്ണം ലഭിക്കുമെന്നും ഇതില്‍ 32 പവന്‍ സ്വര്‍ണ്ണം മേബന്‍ നിധി ലിമിറ്റഡില്‍ നിക്ഷേപിക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതനുസരിച്ച് ഒല്ലൂരില്‍ നിന്ന് പരാതിക്കാരന്‍ ഒരു ജീവനക്കാരനെ തുകയുമായി സിനിയുടെയും ഉല്ലാസിന്റെയും കൂടെ വിടുകയായിരുന്നു.

ഇവിടെയെത്തി ജ്വല്ലറിയില്‍ കയറിയപ്പോള്‍ ഉടമ ഇവരില്‍ നിന്ന് 2,30,000 രൂപ വാങ്ങിയെടുത്തു. സിനി 73 ഗ്രാം സ്വര്‍ണ്ണം വാങ്ങിയിരുന്നതായും, തുക നല്‍കാതെ ചെക്ക് ആണ് അന്ന് നല്‍കിയിരുന്നത്. ഈ തുകയാണ് താന്‍ വാങ്ങിയെടുത്തത് എന്നുമാണ് ഉടമ പറയുന്നത്. തുക വാങ്ങി ചെക്ക് മടക്കി കൊടുത്തതായും ഇയാള്‍ പോലീസിനോട് പറഞ്ഞു. പിന്നീട് പ്രതികളുടെ കൂടെ ഉണ്ടായിരുന്ന അച്ചന്‍ എന്ന് പരിചയപ്പെടുത്തിയ കോട്ടമുറി സ്വദേശി ബാക്കിയുള്ള 3,70,000 രൂപയില്‍ 3 ലക്ഷം രൂപ വാങ്ങിയെടുത്തു.

അതേസമയം ചെക്ക് ലീഫും ബോണ്ട് പേപ്പറും വാങ്ങിക്കാന്‍ എന്ന വ്യാജേന കോട്ടമുറി സ്വദേശി പുറത്തേക്ക് പോയി. പിന്നീട് ഇയാള്‍ തിരികെ എത്തിയില്ല. സംഭവത്തില്‍ കോട്ടമുറി സ്വദേശിയുടെയും ജ്വല്ലറി ഉടമയുടെ പങ്ക് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

Exit mobile version