ഒരു മേഖലയിലും ലിംഗവിവേചനം പാടില്ല; വനിതാ പൗരോഹിത്യം അംഗീകരിക്കണം; ട്രാൻസ്‌ജെൻഡറുകളുടെ ക്ഷേമം ഉറപ്പാക്കും: പുതിയ മാർത്തോമ്മ സഭ പരമാധ്യക്ഷൻ

പത്തനംതിട്ട: പുതുതായി സ്ഥാനാരോഹണം ചെയ്ത മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗാൻ മെത്രാപ്പൊലീത്ത സഭയുടെ ഒരു മേഖലയിലും ലിംഗവിവേചനം പാടില്ലെന്ന പ്രതികരണവുമായി രംഗത്ത്. വനിതാപൗരോഹിത്യത്തെ മാർത്തോമ്മ സഭ സ്വാഗതം ചെയ്യുമെന്നും മനോരമയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. അന്തരിച്ച ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായാണ് ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പൊലീത്ത ശനിയാഴ്ച സ്ഥാനമേറ്റെടുത്തത്. തിരുവല്ല പുലാത്തീൻ പള്ളിയിൽ വെച്ചായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ.

‘ഒരു മേഖലയിലും ലിംഗവിവേചനം പാടില്ല. ഒട്ടേറെ കടമ്പകൾ കടന്നാണ് ഒരാൾ വൈദിക പഠനത്തിന് പ്രാപ്തനാകുന്നത്. ഇത്തരം തെരഞ്ഞെടുപ്പുകൾ പൂർത്തീകരിച്ച് സ്ത്രീകൾ കടന്നുവന്നാൽ സെമിനാരി പഠനത്തിന് അയക്കുന്നതിൽ തടസ്സമില്ല. എന്നാൽ അതിനുശേഷം പൗരോഹിത്യത്തിലേക്കുള്ള കടന്നുവരവ് സഭാസമിതികളും വിശ്വാസികളും അംഗീകരിക്കണം. എപ്പിസ്‌കോപ്പൽ സമിതിക്കുപോലും അതിനുശേഷമേ തീരുമാനമെടുക്കാൻ കഴിയൂ. അംഗീകാരയോഗ്യയായ ഒരു വ്യക്തി വരുന്നതുവരെ കാത്തിരിക്കാം.’- വനിതാ പൗരോഹിത്യത്തെ സഭ അംഗീകരിക്കുമോ എന്ന ചോദ്യത്തിനോട് മാർ തിയഡോഷ്യസ് സഫ്രഗാൻ പ്രതികരിച്ചതിങ്ങനെ.

ട്രാൻസ്‌ജെൻഡറുകളുടെ ക്ഷേമം മാർത്താമ്മോസഭയുടെ വലിയ ദൗത്യങ്ങളിലൊന്നാണെന്നും ബോധവത്കരണത്തിലൂടെ ട്രാൻസ്‌ജെൻജഡറുകളോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടിൽ മാറ്റം വരുത്താൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ‘സംവരണം പോലുമില്ലാതെ തന്നെ സഭയിലും സമൂഹത്തിലും ട്രാൻസ്‌ജെൻഡറുകളെ അംഗീകരിക്കേണ്ട സമയമായി. ദാരിദ്ര്യത്തിന് കാരണം പാവപ്പെട്ടവരല്ലെന്ന് പറയുന്നതുപോലെ ട്രാൻസ്‌ജെൻഡറുകളെ കുറിച്ച് ഉയരുന്ന അധിക്ഷേപങ്ങൾക്ക് കാരണം അവരല്ല. അതിന് പിന്നിൽ സമൂഹത്തിന് വലിയ സ്വാധീനമുണ്ട്.’

ട്രാൻസ്‌ജെൻഡറുകളോടുള്ള അധിക്ഷേപം മാറ്റിയെടുക്കാൻ സാധിക്കും. സമൂഹത്തിന് പ്രയോജനകരമായ ശുശ്രൂഷകൾ ചെയ്യാൻ അവർക്ക് സാധിക്കും. അതിനുള്ള സാഹചര്യം സൃഷ്ടിക്കാൻ തയ്യാറാവണമെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേർത്തു.

Exit mobile version