വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ട്; സമയദോഷം മാറ്റാന്‍ അയല്‍ക്കാരന്റെ വാഹനങ്ങള്‍ കത്തിച്ചു, ദുര്‍മന്ത്രവാദി പിടിയില്‍

കൊല്ലം: സമയദോഷം മാറ്റാന്‍ അയല്‍വാസിയുടെ വാഹനങ്ങള്‍ കത്തിച്ച ദുര്‍മന്ത്രവാദി ഒടുവില്‍ പോലീസ് പിടിയില്‍. കൊല്ലം ശൂരനാടിനടുത്ത് പോരുവഴിയിലായിരുന്നു സംഭവം. ദുര്‍മന്ത്രവാദവുമായി നടക്കുന്ന പോരുവഴി വടക്കേമുറി സ്വദേശി രാജേന്ദ്രനാണ് അറസ്റ്റിലായത്.

ഏറെ നാളായി രാജേന്ദ്രന്‍ സാമ്പത്തികമായി മോശമായ നിലയിലായിരുന്നു. തന്റെ വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണം അയല്‍ക്കാരനായ അനില്‍ കുമാറാണെന്നാണ് രാജേന്ദ്രന്‍ കരുതിയത്. തുടര്‍ന്ന് ഇക്കഴിഞ്ഞ വെളളിയാഴ്ച പുലര്‍ച്ചെ അനില്‍കുമാറിന്റെ വീട്ടുമുറ്റത്തിരുന്ന രണ്ട് ഇരുചക്രവാഹനങ്ങള്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

എന്നാല്‍ സംഭവത്തിന് പിന്നാല്‍ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിരുന്നില്ല. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് രാജേന്ദ്രനാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് രാജേന്ദ്രനെ പിടികൂടുകയായിരുന്നു.

സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ ഉണ്ടായ കാര്യങ്ങള്‍ രാജേന്ദ്രന്‍ പൊലീസിനോട് വിശദീകരിച്ചു. തന്റെ സമയദോഷം മാറ്റാനാണ് ഇങ്ങനെ ചെയ്തതെന്നാണ് രാജേന്ദ്രന്‍ പറഞ്ഞത്. ശൂരനാട് ഇന്‍സ്പെക്ടര്‍ എ ഫിറോസും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Exit mobile version