അമ്മയ്‌ക്കൊപ്പം പങ്കുവെച്ച ചിത്രത്തിന് കേട്ടാലറയ്ക്കുന്ന കമന്റുകള്‍, പിന്നാലെ അസഭ്യ വര്‍ഷം മെസഞ്ചറിലേയ്ക്കും; നിയമ നടപടിയെന്ന് സോനു നികേഷ്

കൊച്ചി: അമ്മയ്‌ക്കൊപ്പം പങ്കുവെച്ച ചിത്രത്തിന് നേരെ നടത്തുന്ന സൈബര്‍ ആക്രമണത്തില്‍ നിയമനടപടിക്കൊരുങ്ങി കേരളത്തിലെ ആദ്യ പുരുഷദമ്പതികളായ സോനുവും നികേഷും. ഇരുവരും അമ്മയ്ക്കൊപ്പം എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റുകള്‍ നിറഞ്ഞിരുന്നു. ഫേസ്ബുക്ക് മെസഞ്ചറിലൂടെയും അസഭ്യ വര്‍ഷം തുടര്‍ന്നതോടെയാണ് ഇരുവരും നിയമനടപടിക്ക് ഒരുങ്ങുന്നത്. അസഭ്യ വര്‍ഷം നടത്തിയതിന്റെ സ്‌ക്രീന്‍ഷോട്ടും മറ്റും ഇരുവരും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘സ്വവര്‍ഗ അനുരാഗവും വിവാഹം കഴിക്കാനുള്ള തീരുമാനവും തുറന്നു പറഞ്ഞത് മുതല്‍ ഏറെ അപമാനം ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ അമ്മക്കൊപ്പം എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് അങ്ങേയറ്റം അറപ്പുളവാക്കുന്ന കമന്റുകള്‍ നിറഞ്ഞത്. ജസ്റ്റിന്‍ ജോണി എന്ന പ്രൊഫൈലില്‍ നിന്ന് പിന്നെ മെസഞ്ചറിലൂടെയും അസഭ്യ വര്‍ഷം തുടരുകയായിരുന്നു. ഹോമോഫോബിക്ക് ആയ ഒരുവന്റെ സകല ജീര്‍ണതക്കും ഒപ്പം അമ്മയെക്കുറിച്ചുള്ള അസഭ്യങ്ങളും ഒരുപാട് വേദനിപ്പിക്കുന്നു’ നികേഷും സോനുവും പറയുന്നു.

Exit mobile version