ഒളിവിലും മറവിലും ഇരുന്ന് പറയുന്നവര്‍ക്കെതിരെ എങ്ങനെ കേസെടുക്കും; പരസ്യമായി പറഞ്ഞാല്‍ നടപടി; വിവാദത്തില്‍ അച്ചു ഉമ്മന്‍

കോട്ടയം: സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍
പ്രതികരിച്ച് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഒളിവിലും മറവിലും ഇരുന്ന് കാര്യങ്ങള്‍ പറയുന്നവര്‍ക്കെതിരെ എങ്ങനെ കേസെടുക്കും, പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അച്ചു ഉമ്മന്‍. വെളിച്ചത്തില്‍ സംസാരിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കാനാകും. എന്നാല്‍ ഒളിവിലും മറവിലും പറയുന്നതില്‍ എങ്ങനെയാണ് കേസെടുക്കുന്നതെന്നും അവര്‍ ചോദിച്ചു.

സ്നേഹവും ആദരവുമാണ് ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയ്ക്ക് ലഭിച്ചത്. ഇതില്‍ വളരെയധികം അസ്വസ്ഥരായ അല്ലെങ്കില്‍ വെറിപൂണ്ട ഒരുപാട് വ്യക്തികള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളക്കഥകളാണ് പ്രചരിക്കുന്നതെന്നും അച്ചു ഉമ്മന്‍ പറഞ്ഞു

എനിക്ക് പറയാനുള്ള ഒന്നു രണ്ട് വിഷയങ്ങളുണ്ട്. ഇവര്‍ കൊണ്ടുവരുന്ന ഏതെങ്കിലും വിഷയം ആരെങ്കിലും ഒളിക്യാമറ ഓപ്പറേഷനിലൂടെ കണ്ടെത്തിയതാണോ. ഞാന്‍ തന്നെ കരിയര്‍ ആയിട്ട് തിരഞ്ഞെടുത്ത കണ്ടെന്റ് ക്രിയേഷന്റെ ഭാഗമായിട്ട് എന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യപ്പെടുത്തിയ ചിത്രങ്ങളാണ് തെറ്റായ രീതിയില്‍ ഇപ്പോള്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും അച്ചു പറഞ്ഞു.

ഇതുപോലുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് ചര്‍ച്ച അതിലേക്ക് വഴിതിരിച്ചുവിടുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. തന്റെ ഉടുപ്പും ചെരിപ്പുമാണോ ഇവിടുത്തെ വിഷയം. ഇവിടെ മറ്റ് കാര്യങ്ങള്‍ ചര്‍ച്ചയായാല്‍ പലരും പ്രതിക്കൂട്ടിലാകും. പല വിഷയങ്ങളിലും അവര്‍ക്ക് മറുപടിയില്ലാതെയാകും.

ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയം വളരെ വ്യത്യസ്തമായിരുന്നു. ഒരാളെ പോലും അദ്ദേഹം വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ആ രാഷ്ട്രീയം കണ്ട് പഠിക്കണമെന്നാണ് തനിക്ക് പറയാനുള്ളത്. മറ്റുള്ളവരുടെ സ്വകാര്യതയില്‍ കയറി ഇങ്ങനെ കടന്നാക്രമിക്കുന്നത് വളരെ തെറ്റായ കാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version