മുക്കാൽ മണിക്കൂർ കഴിഞ്ഞിട്ടും പോലീസ് എത്തിയിട്ടും രോഗിയെ പരിചരിക്കാതെ ഡോക്ടർമാർ; ഒടുവിൽ ബന്ധുക്കൾ മർദ്ദിച്ചെന്ന് കള്ളപരാതിയും; സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്

ഇടുക്കി: രോഗിയെ ആശുപത്രിയിൽ എത്തിച്ച് മുക്കാൽ മണിക്കൂർ പിന്നിട്ടിട്ടും ചികിത്സ നൽകാത്തതിനെ തുടർന്ന് ബന്ധുക്കൾ ബഹളം വെച്ചതിനെ തുടർന്ന് കള്ളപരാതിയുമായി പോലീസിനെ സമീപിച്ച് ആശുപത്രി അധികൃതർ. രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചെന്ന പരാതിയുമായാണ് ആശുപത്രി ജീവനക്കാർ പോലീസിൽ സമീപിച്ചത്. എന്നാൽ സിസിടിവി പരിശോധനയിൽ മർദ്ദിച്ചെന്ന പരാതി വ്യാജമാണെന്നും അതിൽ കഴമ്പില്ലെന്നും പോലീസ് കണ്ടെത്തി.

ചികിത്സ വൈകിയെന്നാരോപിച്ച് രോഗിക്കൊപ്പമുണ്ടായിരുന്നവർ ഡോക്ടർമാരെയും ജീവനക്കാരെയും മർദ്ദിച്ചതായാണ് മൂന്നാർ ജനറൽ ആശുപത്രിയിലെ ജീവനക്കാർ പരാതി നൽകിയിരുന്നത്. സംഭവത്തിൽ രോഗിയുടെ ബന്ധുക്കളും ആശുപത്രി അധികൃതർക്കെതിരെ പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ട പരിശോധനയിൽ ആശുപത്രി ജീവനക്കാർ നൽകിയ പരാതിയിൽ ആക്രമിച്ചതായി കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഒരാഴ്ച മുമ്പാണ് ചൊക്കനാട് സ്വദേശിയെ അത്യാസന്ന നിലയിൽ മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ചത്. നാൽപത് മിനിറ്റ് കഴിഞ്ഞിട്ടും പരിശോധനകൾ നടത്താൻ അധികൃതർ തയ്യറായില്ല. ഇതോടെ ബന്ധുക്കൾ ക്ഷുഭിതരായി സംഭവം ചോദ്യം ചെയ്യുകയായിരുന്നു. ബന്ധുക്കൾ ബഹളം വെച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ മൂന്നാർ എഎസ്പിയടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. പോലീസ് കാര്യങ്ങൾ ആരായുകയും ചെയ്തു, എങ്കിലും പോലീസിന്റെ സാനിധ്യത്തിൽപോലും രോഗിയെ പരിചരിക്കാൻ അധികൃതർ തയ്യറായില്ല. ഇതോടെ ബന്ധുക്കൾ രോഗിയെ അടിമാലി ആശുപത്രിയിലേക്ക് മാറ്റി.

ഇതിനിടെയാണ് മൂന്നാർ ജനറൽ ആശുപത്രി ഡോ. ബ്രയാൻ ജെഎസ്, ഡോ.എൻ ജയകൃഷ്ണൻ, ജീവനക്കാരായ പി ജയ, എസ് ദിനേശ്, സുന്ദർ എന്നിവർ രോഗിയുടെ ബന്ധുക്കൾ തങ്ങളെ മർദ്ദിച്ചെന്ന് ആരോപിച്ച് മൂന്നാർ പോലീസിൽ പരാതി നൽകിയത്. ആശുപത്രിയിലെ സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ബന്ധുക്കൾ മർദ്ദിച്ചതായി പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. മാത്രമല്ല ആശുപത്രി ജീവനക്കാർ രോഗിയെ പരിചരിക്കാൻ തയ്യറാകാത്ത സംഭവം രോഗിയുടെ ബന്ധുക്കൾ മൊബൈൽ കാമറകളിൽ പകർത്തിയിരുന്നു. ഈ ദ്യശ്യങ്ങൾ ബന്ധുക്കൾ പോലീസിന് കൈമാറിയിട്ടുമുണ്ട്.

Exit mobile version