വീണുകിട്ടിയ ഒന്നരലക്ഷം രൂപ തുറന്നു പോലും നോക്കാതെ തിരിച്ച് നൽകി തെരുവിൽ ഉറങ്ങുന്ന കൂലിക്കൊഴിലാളി; തിരിച്ചുകിട്ടിയ പണം രക്ഷിച്ചത് ഒരു ജീവനും; വയനാടിന്റെ നന്മ

ബത്തേരി: കളഞ്ഞുകിട്ടിയ ഒന്നരലക്ഷം രൂപ തന്റെ കഷ്ടപ്പാടിൽ വലിയ ആശ്വാസമാകുമായിരുന്നു എങ്കിലും അതിനൊന്നും തുനിയാതെ പണം തിരിച്ചുനൽകി തെരുവിൽ ഉറങ്ങുന്ന കൂലിത്തൊഴിലാളി ജോസിന്റെ നന്മ. തെരുവിൽ ഉറങ്ങുന്ന കൂലിത്തൊഴിലാളിക്കു വഴിയിൽ വീണു കിട്ടിയത് ഒന്നര ലക്ഷം രൂപ. തന്റെ സഞ്ചിയിൽ ംമൂന്ന് ദിവസം പണം സൂക്ഷിച്ചെങ്കിലും തനിക്കിത് വേണ്ടെന്ന് പറഞ്ഞ് പിന്നീട് സമീപത്തെ ഒരു കടയിൽ ഏൽപ്പിക്കുകയായിരുന്നു. യഥാർത്ഥ ഉടമയ്ക്ക് തിരികെ ലഭിച്ചതാകട്ടെ അടിയന്തര ചികിത്സയ്ക്കു സ്വരൂപിച്ച തുകയും.

ബീനാച്ചിയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ അന്തിയുറങ്ങുന്ന കൂലിത്തൊഴിലാളി തൊടുപുഴ സ്വദേശി ജോസ് എന്ന അറുപത്തിരണ്ടുകാരനാണു തനിക്ക് ലഭിച്ച പണം തിരിച്ചേൽപ്പിച്ച് നന്മവറ്റാത്ത മനസുകൾക്ക് മാതൃകയായത്. സഹോദരീ ഭർത്താവിന്റെ ചികിത്സയ്ക്കായി വാകേരി ചന്തപ്പറമ്പിൽ മുനീർ സ്വരൂപിച്ച പണമാണ് കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ട് നഷ്ടമായത്. ബന്ധുക്കളിൽ നിന്നു സ്വരൂപിച്ച പണം ബത്തേരിയിലെ ഒരു കടയിൽ നിന്നു മരുമകൾ വാങ്ങിക്കൊണ്ടു പോകുമ്പോൾ ബീനാച്ചിക്കടുത്ത് പഴുപ്പത്തൂർ റോഡ് ജംങ്ഷനിൽ വെച്ച് കളഞ്ഞുപോവുകയായിരുന്നു.

പിന്നീട് അതുവഴി നടന്നു വന്ന ജോസിന് ഈ പൊതി കിട്ടി. നോക്കിയപ്പോൾ പണമാണെന്ന് മനസിലായെങ്കിലും എണ്ണി നോക്കിയില്ല. സഞ്ചിയിലിട്ടു നടക്കുകയായിരുന്നു. രാത്രി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കിടന്നുറങ്ങുമ്പോൾ ഈ സഞ്ചി തലയ്ക്ക് വെയ്ക്കും. ഇടയ്ക്ക് ഭക്ഷണം കഴിക്കാനും മറ്റും പോകുമ്പോൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ മൂലയിൽ തന്നെ ഈ സഞ്ചി വെച്ചു. രണ്ട് ദിവസം കഴിഞ്ഞിട്ടും തനിക്ക് ഈ പണവുമായി യാതൊരു ആവശ്യവുമില്ലെന്ന് മനസിലായതോടെ ജോസ് ബീനാച്ചിയിലുള്ള ഒരു കടയിലെത്തി കളഞ്ഞുകിട്ടിയ പണത്തെ കുറിച്ച് പറഞ്ഞു.

അപ്പോഴാണ് കടയുടമ പോലീസ് കളഞ്ഞുപോയ പണത്തെ കുറിച്ച് അന്വേഷിക്കുന്നതായി വിവരം പറഞ്ഞത്. പണം നഷ്ടമായ ഉടനെ മുനീർ ബത്തേരി പോലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി ക്യാമറകളടക്കം പരിശോധിച്ച പോലീസ് ഒട്ടേറെ പേരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് പണം കടയിൽ എത്തിച്ചെന്ന് പോലീസിന് വിവരം ലഭിച്ചത്.

പിനന്െ, ഒട്ടുംവൈകാതെ പോലീസെത്തി പണം കൈപ്പറ്റി. തുടർന്ന് ബത്തേരി സ്റ്റേഷനിൽ വച്ച് പോലീസ് ഇൻസ്‌പെക്ടർ ജി പുഷ്പകുമാർ പണം ഉടമസ്ഥന് കൈമാറി. എസ്‌ഐ കെഎൻ കുമാരൻ, എഎസ്‌ഐ മുരളി, സിപിഒ സിആർ. കിഷോർ എന്നിവരും പണം അന്വേഷിക്കുന്ന സംഘത്തിലുണ്ടായിരുന്നു.

കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ തന്റെ കയ്യിൽ ഉണ്ടായിരുന്നിട്ടും അതിൽ നിന്നും ഒരു രൂപ പോലും എടുക്കാതെ കൂലിപ്പണിക്ക് പോയി ലഭിച്ച പണമാണ് തന്റെ നിത്യചെലവിന് ജോസ് ഉപയോഗിച്ചിരുന്നത്.

ചിത്രം കടപ്പാട്: മനോരമ

Exit mobile version