ശബരിമലയിൽ മണ്ഡലകാലത്ത് പ്രതിദിനം പതിനായിരം തീർത്ഥാടകരെ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ്; ആയിരം മതിയെന്ന് ചീഫ്‌സെക്രട്ടറി

പത്തനംതിട്ട: ശബരിമലയിൽ ഈ സീസൺ കാലത്ത് പ്രതിദിനം പതിനായിരം തീർത്ഥാടകരെ അനുവദിക്കണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം ചീഫ് സെക്രട്ടറി തല സമിതി തള്ളി. 1000 തീർത്ഥാടകരെ മാത്രമായിരിക്കും ഒരു ദിവസം അനുവദിക്കുക. സീസൺ ആരംഭിച്ച ശേഷം സ്ഥിതി വിലയിരുത്തി തീരുമാനമെടുക്കാമെന്നും ഉന്നതതലയോഗത്തിൽ ധാരണയായി.

തീർത്ഥാടന സീസണിലെ ഒരുക്കങ്ങൾക്കായി 60 കോടിയോളം രൂപ ചെലവാക്കിയിട്ടുണ്ടെന്നും തീർത്ഥാടകർ എത്താതിരുന്നാൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും ദേവസ്വം ബോർഡ് ഇന്ന് ചേർന്ന ഉന്നതതലയോഗത്തിൽ അറിയിച്ചു. ദേവസ്വം ബോർഡിന്റെ ആവശ്യം യോഗം പൂർണമായി തള്ളാതെ, സീസൺ ആരംഭിച്ച് സ്ഥിതി വിലിയിരുത്തിയ ശേഷം കൂടുതൽ ഭക്തരെ അനുവിദക്കുന്ന കാര്യം പരിഗണിക്കും എന്നാണ് ദേവസ്വത്തെ അറിയിച്ചിരിക്കുന്നത്.

ഇതോടെ, ശബരിമല മണ്ഡല തീർത്ഥാടന കാലത്ത് സാധാരണ ദിവസങ്ങളിൽ 1000 പേരേയും വാരാന്ത്യങ്ങളിൽ 2000 പേരേയും വിശേഷ ദിവസങ്ങളിൽ 5000 പേരേയും അനുവദിക്കാമെന്ന ചീഫ് സെക്രട്ടറി തല സമിതിയുടെ മുമ്പത്തെ തീരുമാനം യോഗത്തിൽ ആവർത്തിച്ചു. ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ആരോഗ്യസെക്രട്ടറി, ദേവസ്വം ബോർഡ് പ്രസിഡന്റ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

15 മണിക്കൂറോളം നട തുറന്നിരിക്കുന്നതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തീർത്ഥാടകരെ പ്രവേശിപ്പിക്കാം. തീർത്ഥാടകർക്ക് 24 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നിലക്കലും പമ്പയിലും ആന്റിജൻ ടെസ്റ്റിനുള്ള സൗകര്യമുണ്ടാകും. തുലാമാസ പൂജക്കാലത്ത് സ്വീകരിച്ച നിയന്ത്രണങ്ങൾ അതേപടി തുടരാനും ഇന്നു ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി.

Exit mobile version