കുഞ്ഞുമകള്‍ക്ക് വീട്ടില്‍ വിദ്യാരംഭം കുറിച്ച് മന്ത്രി അച്ഛമ്മ; മുഖ്യമന്ത്രിയുടെ വാക്കുകള്‍ പാലിച്ച് ഇത്തവണ ആഘോഷങ്ങള്‍ വീടുകളിലെന്ന് കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഇന്ന് വിദ്യാരംഭം. കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന നല്ല ദിനം. കുഞ്ഞുമകള്‍ക്ക് വീട്ടില്‍ വിദ്യാരംഭം കുറിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. അച്ചാച്ചനും അച്ഛമ്മയും ചേര്‍ന്നാണ് കുഞ്ഞുമകള്‍ ഇഫയ ജഹനാരയുടെ വിദ്യാരംഭം കുറിച്ചത്.

അവരവരുടെ വീട്ടില്‍ കുഞ്ഞുമക്കളുടെ വിദ്യാരംഭം കുറിക്കണം എന്നാണ് ബഹു. മുഖ്യമന്ത്രിയും ഈ നാട്ടിലെ ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. നമ്മള്‍ എല്ലാവരും അത് പാലിക്കണം. കാരണം കോവിഡ് വളരെ ഗുരുതരമായ ഒരു പകര്‍ച്ചവ്യാധിയാണ്. അതുകൊണ്ടാണ് രോഗം പടരാതിരിക്കാന്‍ ഞാനും എന്റെ കുഞ്ഞുമകളുടെ വിദ്യാരംഭം കുറിക്കാന്‍ എന്റെ വീട് തന്നെ തെരഞ്ഞെടുത്തത് എന്ന് മന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് വിദ്യാരംഭം. കുഞ്ഞുമക്കള്‍ ആദ്യാക്ഷരം കുറിക്കുന്ന നല്ല ദിവസം. സാധാരണ വലിയ ആള്‍ക്കൂട്ടവും ആഘോഷവും ആയിട്ടാണ് കുഞ്ഞുമക്കളുടെ വിദ്യാരംഭം കുറിക്കുന്നത്. നിരവധി സംഘടനകളും സാമൂഹികപ്രവര്‍ത്തകരും സാഹിത്യകാരന്മാരും പ്രതിഭകളും എല്ലാം ചേര്‍ന്നു കൊണ്ട് ആഘോഷപൂര്‍വ്വമാണ് വിദ്യാരംഭം ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഇത്തവണ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അത്തരം ആള്‍ക്കൂട്ടങ്ങള്‍ പാടില്ല എന്ന് ആരോഗ്യവകുപ്പ് പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അവരവരുടെ വീട്ടില്‍ കുഞ്ഞുമക്കളുടെ വിദ്യാരംഭം കുറിക്കണം എന്നാണ് ബഹു. മുഖ്യമന്ത്രിയും ഈ നാട്ടിലെ ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. നമ്മള്‍ എല്ലാവരും അത് പാലിക്കണം. കാരണം കോവിഡ് വളരെ ഗുരുതരമായ ഒരു പകര്‍ച്ചവ്യാധിയാണ്. അതുകൊണ്ടാണ് രോഗം പടരാതിരിക്കാന്‍ ഞാനും എന്റെ കുഞ്ഞുമകളുടെ വിദ്യാരംഭം കുറിക്കാന്‍ എന്റെ വീട് തന്നെ തെരഞ്ഞെടുത്തത്. അച്ചാച്ചനും അച്ഛമ്മയും ചേര്‍ന്ന് കുഞ്ഞുമകള്‍ ഇഫയ ജഹനാരയുടെ വിദ്യാരംഭം കുറിച്ചു.

Exit mobile version