3200 ചതുരശ്രയടി വീടിന് അനുമതി വാങ്ങി പണിതത് 5500 ചതുരശ്രയടി; കെഎം ഷാജിയുടെ മൂന്നരക്കോടിയുടെ ആഡംബര ഭവനത്തിന് നമ്പർ പോലുമില്ല; കുരുക്ക് മുറുകുന്നു

KM Shaji | political news

കോഴിക്കോട്: നിയമലംഘനങ്ങളുടെ കേന്ദ്രമായി ലീഗ് എംഎൽഎ കെഎം ഷാജിയുടെ ആഢംബര ഭവനം. അഴിമതിയാരോപണത്തിൽ കുരുങ്ങി നിൽക്കുന്ന കെഎം ഷാജിയ്ക്ക് കുരുക്ക് മുറുക്കി കോഴിക്കോട് കോർപ്പറേഷനും. നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതാണ് കെഎം ഷാജിക്ക് തിരിച്ചടിയാവുന്നത്. അനുമതി നൽകിയ അളവിൽ അധികമായി വീട് നിർമ്മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് തുടർ നടപടികൾ ഉണ്ടായേക്കും.

കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന കെഎം ഷാജി എംഎൽഎയുടെ വീട് കഴിഞ്ഞ ദിവസം കോർപ്പറേഷൻ അധികൃതർ എത്തി അളന്നിരുന്നു. ഇഡിയുടെ നിർദേശ പ്രകാരമായിരുന്നു അളന്നത്. അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താനാണ് വീടിന്റെ മതിപ്പുവില, വിസ്തീർണം, പൂർത്തിയാക്കിയ പ്ലാൻ എന്നിവ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാൻ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെഎം ഷാജി കൈപ്പറ്റിയെന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭൻ വിജിലൻസിന് പരാതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് എംഎൽഎയുടെ സാമ്പത്തികസ്രോതസ്സ് കണ്ടെത്താനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്.

മൂന്നാംനിലയിൽ അധികനിർമ്മാണം നടത്തിയെന്ന് കോർപ്പറേഷൻ അധികൃതർ കണ്ടെത്തി. വീടിന് എത്ര വിലമതിക്കും എന്ന് റിപ്പോർട്ട് നൽകാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ രമേശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാലൂർകുന്നിനു സമീപത്തെ വീട് വ്യാഴാഴ്ച അളന്നു. 27ന് റിപ്പോർട്ട് സമർപ്പിക്കും. മൂന്നരക്കോടിയോളം മതിപ്പ് വില വീടിനുണ്ടെന്നാണ് പ്രാഥമിക
റിപ്പോർട്ടുകൾ.

അതേസമയം കോർപ്പറേഷൻ കെഎം ഷാജിക്ക് 3200 ചതുരശ്രയടിയുടെ വീട് നിർമ്മിക്കാനുള്ള അനുമതിയാണ് നൽകിയിരുന്നത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീർണമുണ്ടെന്നാണ് അളവെടുപ്പിൽ വ്യക്തമായത്. 2016ൽ പൂർത്തിയാക്കിയ പ്ലാൻ നൽകിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിർമ്മാണം ക്രമവത്കരിക്കാൻ കോർപ്പറേഷൻ നൽകിയ നോട്ടീസിന് മറുപടി നൽകാത്തതിനാൽ വീടിന് നമ്പർ ലഭിച്ചിട്ടില്ല.

Exit mobile version