കലോത്സവ വേദിയില്‍ വിധികര്‍ത്താവായി എത്തിയ ദീപയ്‌ക്കെതിരെ പ്രതിഷേധവുമായി കെഎസ് യു, എബിവിപി പ്രവര്‍ത്തകര്‍; പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു

മലയാള ഉപന്യാസ മല്‍സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ കലോത്സവ വേദിയില്‍ എത്തിയത്

ആലപ്പുഴ: കവിതാ മോഷണ വിവാദത്തിനിടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി എത്തിയ അധ്യാപിക ദീപാ നിശാന്തിനെതിരെ വന്‍ പ്രതിഷേധം. മലയാള ഉപന്യാസ മല്‍സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ കലോത്സവ വേദിയില്‍ എത്തിയത്.

രചനാ മത്സരങ്ങളുടെ മൂല്യ നിര്‍ണയം നടക്കുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിനു മുന്നിലാണ് യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, എബിവിപി പ്രവര്‍ത്തകര്‍ ദീപയ്‌ക്കെതിരെ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. മൂല്യനിര്‍ണയത്തിനു ശേഷം ദീപ തിരികെ പോയി. സ്ഥലത്ത് ഇപ്പോഴും പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

നേരത്തെ രചനാ മത്സരങ്ങളുടെ മൂല്യനിര്‍ണയത്തിന്റെ വേദിയായി നിശ്ചയിച്ചിരുന്നത് എല്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു. എന്നാല്‍, ദീപ എത്തിയാല്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് വേദി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലേയ്ക്ക് മാറ്റുകയായിരുന്നു.

Exit mobile version