അച്ഛന്റെ സുഹൃത്തുകള്‍ നല്‍കിയ പണവുമായി കലോത്സവത്തിനെത്തി; നിരാശപ്പെടുത്തിയില്ല, എ ഗ്രേഡ് തന്നെ സ്വന്തമാക്കി കൊച്ചുമിടുക്കി

നങ്ങ്യാര്‍കൂത്തില്‍ ആവണിക്ക് ആലപ്പുഴ ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചതുമുതല്‍ അച്ഛന്‍ സജികുമാറിന് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ യുവകലാകാരിക്ക് സഹായവുമായെത്തി അച്ഛന്റെ സുഹൃത്തുകള്‍. സഹായിച്ചവരെ നിരാശപ്പെടുത്തിയില്ല, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് തന്നെ സ്വന്തമാക്കി കൊച്ചുമിടുക്കി നാടിന് അഭിമാനമായി. കായംകുളം സെന്റ് മേരീസ് ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പി ആവണിയാണ് എച്ച്എസ് വിഭാഗം നങ്ങ്യാര്‍കൂത്തില്‍ എ ഗ്രേഡ് സ്വന്തമാക്കി ആലപ്പുഴക്ക് അഞ്ച് പോയന്റ് സമ്മാനിച്ചത്.

നങ്ങ്യാര്‍കൂത്തില്‍ ആവണിക്ക് ആലപ്പുഴ ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചതുമുതല്‍ അച്ഛന്‍ സജികുമാറിന് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. സന്തോഷം കൊണ്ടുമാത്രമായിരുന്നില്ലത്, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിപ്പിക്കുന്നതിലെ ചെലവുകളെ കുറിച്ചോര്‍ത്തുള്ള വേവലാതിയായിരുന്നു. സബ് ജില്ല മുതല്‍ നങ്ങ്യാര്‍കൂത്തിന് മാത്രം 95,000 രൂപയാണ് ഈ തയ്യല്‍ തൊഴിലാളിക്ക് ചെലവായത്. ഇതിന് പുറമെ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും മകള്‍ മത്സരിച്ചിരുന്നു.

ചിറക്കടവിലെ ഗുരുദേവാലയത്തില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനവും അമ്മ പ്രീതക്ക് പൂച്ചെടി കടയില്‍നിന്ന് കിട്ടുന്നതുംകൊണ്ട് പക്കമേളക്കാരുടെ യാത്രച്ചെലവിന് പോലും തികഞ്ഞിരുന്നില്ല. പലിശക്കെടുത്ത പണംകൊണ്ടാണ് വസ്ത്രാലങ്കരത്തിനും മിഴാവ് സംഘത്തിനുമുള്ള ചെലവ് കണ്ടെത്തിയത്.

താമസത്തിനും തിരികെ യാത്രക്കും പണമില്ലാതെ വിഷമിക്കുമ്പോഴാണ് യാത്രമധ്യേ സജികുമാറിന്റെ പത്താം ക്ലാസ് സുഹൃത്തുകളെല്ലാം ചേര്‍ന്ന് അക്കൗണ്ടിലേക്ക് 16,000 രൂപ നല്‍കിയത്. ഈ പണം ഇല്ലായിരുന്നെങ്കില്‍ ബസ് സ്റ്റാന്‍ഡിലോ കടത്തിണ്ണയിലോ റെയില്‍വേ സ്റ്റേഷനിലോ ഞങ്ങള്‍ക്ക് ഉറങ്ങേണ്ടിവരുമായിരുന്നുവെന്ന് സജികുമാര്‍ നിറകണ്ണുകളോടെ പറഞ്ഞു.

Exit mobile version