കളമശ്ശേരി മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർ നജ്മ പോലീസിൽ പരാതി നൽകി

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ ആരോഗ്യപ്രവർത്തകരുടെ ഭാഗത്ത് അനാസ്ഥയുണ്ടായെന്ന് ചൂണ്ടിക്കാണിച്ച ജൂനിയർ ഡോക്ടർ നജ്മ പോലീസിൽ പരാതി നൽകി. തന്റെ വെളിപ്പെടുത്തൽ കാരണം തനിക്കെതിരെ ആക്രമണം ഉണ്ടാകുമോ എന്ന് ഭീതിയുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. തന്നെ സോഷ്യൽമീഡിയയിലൂടെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.

അതേസമയം, സികെ ഹാരിസ് എന്ന രോഗി മരിച്ച പരാതിയിൽ പോലീസ് ഇന്ന് ബന്ധുക്കളുടെ മൊഴി എടുക്കും. കൊവിഡ് ഐസിയുവിലെ അനാസ്ഥ സംബന്ധിച്ച് നേരത്തെ തന്നെ മേലധികാരികളെ അറിയിച്ചിരുന്നെന്ന് ഡോ. നജ്മ മുമ്പ് പറഞ്ഞിരുന്നു. ഐസിയുവിൽ താൻ ജോലി ചെയ്തിട്ടില്ലെന്ന മെഡിക്കൽ കോളേജിന്റെ ആരോപണവും ഇവർ തള്ളി. മെഡിക്കൽ കോളജ് ഐസിയുവിലെ അനാസ്ഥ സംബന്ധിച്ച് കാര്യങ്ങൾ ആർഎംഒയുടെയും സൂപ്രണ്ടിന്റെയും ശ്രദ്ധയിൽ പെടുത്തിയിരുന്നെന്ന് ഡോ. നജ്മ പറഞ്ഞു. ഇതിന്റെ ശബ്ദ രേഖയും നജ്മ പുറത്തു വിട്ടു. അതേസമയം, നജ്മയുടെ ആരോപണത്തെ കുറിച്ചും നഴ്‌സിംഗ് ഓഫീസറുടെ ഓഡിയോ പുറത്തായതിനെ കുറിച്ചും അന്വേഷണം നടത്താൻ ആർഎംഇ ഉത്തരവിട്ടു.

മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്റെ മരണം സംബന്ധിച്ച് കളമശ്ശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ആശുപത്രിയിൽ ഡൂട്ടിയിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസം ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.

Exit mobile version