ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുലിനെ കേരളത്തില്‍ സജീവമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

തിരുവനന്തപുരം: ഉത്തരേന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിലും യുപിയില്‍ സമീപകാലത്ത് നടത്തിയ സമരങ്ങളിലും രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഊര്‍ജംപകര്‍ന്നുവെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതെല്ലാം മുന്‍നിര്‍ത്തി അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്ത് കേരളത്തിലും രാഹുല്‍ ഗാന്ധിയെ സജീവമാക്കാന്‍ ആലോചിക്കുകയാണ് കോണ്‍ഗ്രസ്.

കേരളത്തില്‍ നിന്നുള്ള എം.പി. എന്ന നിലയില്‍ക്കൂടി രാഹുലിന്റെ സാന്നിധ്യം ഗുണംചെയ്യുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ബി.ജെ.പി.ക്ക് എതിരേ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പ്രക്ഷോഭങ്ങള്‍ അദ്ദേഹത്തിന് മുസ്ലിം, ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ക്കിടയില്‍ വലിയ പ്രതീക്ഷയും ആവേശവും നല്കിയിട്ടുണ്ട്.

വയനാട്ടില്‍നിന്നുള്ള എം.പിയായ രാഹുലിന് പല കാരണങ്ങളാല്‍ ഏതാനും മാസങ്ങളായി മണ്ഡലത്തിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം അദ്ദേഹം കേരളത്തിലെത്തി. വരും മാസങ്ങളില്‍, പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില് #രാഹുലിന്റെ സാന്നിധ്യം സംസ്ഥാനമാകെ ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ട്.

ഭിന്നാഭിപ്രായങ്ങളും ഗ്രൂപ്പ് പോരുകളും നിലവില്‍ ഉണ്ടെങ്കിലും രാഹുലിന്റെ സാന്നിധ്യം ഇതെല്ലാം കുറയ്ക്കുമെന്ന് നേതാക്കളില്‍ വലിയൊരു വിഭാഗവും വിശ്വസിക്കുന്നു.

Exit mobile version