ഇന്ത്യൻ ഗതിനിർണയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പൊതുമേഖലയിൽ നിന്നുള്ള ആദ്യ നൂതന വാഹന ട്രാക്കിങ് സംവിധാനം മന്ത്രി ഇപി ജയരാജൻ വിപണിയിലിറക്കി

സുരക്ഷയും വേഗതയും ദൂരവും ഉറപ്പാക്കാം; പൊതുമേഖലയിൽ നിന്നുള്ള ഇന്ത്യൻ ഗതിനിർണയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ നൂതന വാഹന ട്രാക്കിങ് സംവിധാനം മന്ത്രി ഇപി ജയരാജൻ വിപണിയിലിറക്കി

തിരുവനന്തപുരം: പൊതുമേഖലാ വ്യവസായിക രംഗത്തിന് പുത്തൻ കുതിപ്പായി തനതായി വികസിപ്പിച്ചെടുത്ത നൂതന നാവിഗേഷൻ സംവിധാനം വ്യവസായിക വകുപ്പ് മന്ത്രി ഇപി ജയരാജൻ വിപണിക്ക് സമ്മാനിച്ചു. പൂർണ്ണമായും ഇന്ത്യൻ ഗതിനിർണയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യ വാഹന ട്രാക്കിങ് സംവിധാനമാണ് മന്ത്രി പുറത്തിറക്കിയിരിക്കുന്നത്. ഐആർഎൻഎസ്എസ് യൂണി 140 എന്നാണ് പേരിട്ടിരിക്കുന്ന ട്രാക്കിങ് സിസ്റ്റം മന്ത്രി ഇപി ജയരാജൻ ഗതാഗത മന്ത്രി എകെ ശശീന്ദ്രന് കൈമാറി ആദ്യവിതരണം നടത്തി.

പൊതുമേഖലാ വ്യവസായ സ്ഥാപനം യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് (മീറ്റർ കമ്പനി) ആണ് ഐആർഎൻഎസ്എസ് യൂണി 140 തനതായി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്ത്യൻ ഗതിനിർണയ സാങ്കേതിക വിദ്യ (ഐആർഎൻഎസ്എസ്) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യ വാഹന ട്രാക്കിങ് സംവിധാനമാണിത്.

വാഹനത്തിന്റെ ലൊക്കേഷൻ, വേഗത, എത്ര ദൂരം സഞ്ചരിച്ചു തുടങ്ങിയ വിവരങ്ങളെല്ലാം ഈ സംവിധാനത്തിന്റെ സഹായത്തോടെ മൊബൈലിലൂടെയോ കമ്പ്യൂട്ടറിലൂടെയോ അറിയാൻ സാധിക്കും. വാഹന മോഷണം തടയാനും യാത്ര കൂടുതൽ സുരക്ഷിതമാക്കാനും അപകടത്തിൽപെട്ടാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും സഹായിക്കുന്നതാണ് സംവിധാനം.

യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് (മീറ്റർ കമ്പനി) സ്വന്തമായി വികസിപ്പിച്ചെടുത്ത നൂതന നാവിഗേഷൻ ഉപകരണം വിപണിയിലേക്ക് എത്തുന്ന കാര്യം മന്ത്രി ഇപി ജയരാജൻ തന്നെയാണ് കഴിഞ്ഞദിവസം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.

Exit mobile version