മുഖ്യമന്ത്രിയുമായോ കുടുംബവുമായോ വ്യക്തിപരമായ അടുപ്പമില്ല; നടത്തിയത് ഔദ്യോഗിക കൂടിക്കാഴ്ചകൾ മാത്രം; സ്വപ്‌നയുടെ മൊഴി

കൊച്ചി: മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ വ്യക്തിപരമായ അടുപ്പമില്ലെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ഔദ്യോഗികമായ പരിചയം മാത്രമാണ് ഉണ്ടായിരുന്നത്.

കോൺസൽ ജനറലിന്റെ ഒപ്പമല്ലാതെ, താൻ ഒരു തവണ മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടത്. ഷാർജ ഭരണാധികാരിയുടെ സ്വീകരണവുമായി ബന്ധപ്പെട്ടാണ് അത്. ഔദ്യോഗികമായ കൂടിക്കാഴ്ചകൾ മാത്രമെ ഉണ്ടായിട്ടുള്ളു. കോൺസൽ ജനറൽ മുഖ്യമന്ത്രിയെ കാണാൻ പോയ സമയത്ത് താനും ഉണ്ടായിരുന്നു.

അതിന് ശേഷം ഷാർജ സുൽത്താന്റെ വരവുമായി ബന്ധപ്പെട്ട് 2018ലാണ് മുഖ്യമന്ത്രിയെ കണ്ടത്. ആ സമയത്ത് ഷാർജ സുൽത്താനെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താൻ തന്നോട് കോൺസുലേറ്റിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ട് കാര്യങ്ങൾ വിശദീകരിച്ചതെന്നും സ്വപ്‌ന എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴിയിൽ പറയുന്നു.

ഷാർജാ ഭരണാധികാരി കേരളത്തിൽ എത്തിയപ്പോൾ അവരുടെ ആചാരപ്രകാരം സ്വീകരിക്കുന്നത് എങ്ങനെയെന്ന് ഭാര്യയ്ക്ക് പറഞ്ഞു കാടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെന്നും സ്വപ്‌ന മൊഴി നൽകി.

മുഖ്യമന്ത്രിയ്ക്ക് സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന ഇഡിയുടെ ചോദ്യത്തിന് ഇല്ല എന്നും സ്വപ്‌ന സുരേഷ് മറുപടി നൽകി. മുഖ്യമന്ത്രിയുമായി വ്യക്തിപരമായ ബന്ധമില്ലെന്നും ഔദ്യോഗികബന്ധം മാത്രമായിരുന്നുവെന്നും സ്വപ്‌ന മൊഴിയിൽ വ്യക്തമാക്കുന്നു.

അച്ഛൻ മരിച്ചപ്പോൾ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ ഫോണിൽനിന്ന് തന്നെ വിളിച്ചിരുന്നെന്നും മുഖ്യമന്ത്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യത്തിന് മറുപടിയായി സ്വപ്‌ന പറഞ്ഞു.

Exit mobile version