പാവപ്പെട്ടവര്‍ക്ക് 9.5 ലക്ഷം രൂപയും കോവിഡ് കിറ്റും നല്‍കാം; കന്യാസ്ത്രീയുടെ പേരില്‍ വ്യാജവാഗ്ദാനം; വഴുതക്കാട് സ്വദേശിക്ക് നഷ്ടമായത് 22,500 രൂപ

തിരുവനന്തപുരം: കോവിഡ് സാഹചര്യം മുതലെടുത്ത് പണം തട്ടിപ്പ്. കോവിഡില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് 9.5 ലക്ഷം രൂപയും കോവിഡ് കിറ്റും നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വഴുതക്കാട് സ്വദേശിയില്‍ നിന്നും തട്ടിയെടുത്തത് 22,500 രൂപ.

യുകെയില്‍ നിന്ന് സിസ്റ്റര്‍ വിക്ടോറിയ മാര്‍ഗരറ്റ് എന്ന പേരില്‍ ഒരു ഫേസ്ബുക് ഫ്രണ്ട് റിക്വസ്റ്റ് ഇരയായ വ്യക്തിക്ക് ലഭിച്ചത് ഒരു മാസം മുന്‍പാണ്. ആത്മീയകാര്യങ്ങളില്‍ തല്‍പ്പരനായായിരുന്നതിനാല്‍ പ്രാര്‍ഥനയും ബൈബിള്‍ വചനങ്ങളും പരസ്പരം പങ്കുവച്ചായിരുന്നു ആദ്യ 4 ദിവസമുള്ള സംഭാഷണം.

വാട്‌സാപ് നമ്പര്‍ വാങ്ങിയ ശേഷം അഞ്ചാം ദിവസം കേരളത്തിലെ കോവിഡിന്റെ അവസ്ഥയെക്കുറിച്ച് സിസ്റ്റര്‍ ചോദിച്ചു. പാവപ്പെട്ട പലര്‍ക്കും ജോലി നഷ്ടപ്പെട്ടെന്നും അവരൊക്കെ കഷ്ടപ്പാടിലാണെന്നും അദ്ദേഹം മറുപടി നല്‍കി. യുകെയില്‍ തനിക്കറിയാവുന്ന ഒരു ബിഷപ് കോവിഡ് ബാധിത മേഖലകളില്‍ സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹവുമായി ബന്ധപ്പെടുത്താമെന്ന് സിസ്റ്റര്‍ പറഞ്ഞു.

ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ സഹായവസ്തുക്കള്‍ അടങ്ങിയ കോവിഡ് കിറ്റ് ബിഷപ് അയയ്ക്കുന്നുവെന്ന് പറഞ്ഞു. പാഴ്‌സലിന്റെ ഒരു ചിത്രവും അയച്ചു. നാട്ടിലെ പാവപ്പെട്ടവര്‍ക്ക് വീതിച്ചുനല്‍കാനായി 10,000 പൗണ്ട് (9.5 ലക്ഷം രൂപ) ഒരു കവറിലിട്ട് ഒപ്പം വയ്ക്കുന്നുണ്ടെന്നും പറഞ്ഞു.

ഡല്‍ഹി എയര്‍പോര്‍ട്ടിലെ കസ്റ്റംസില്‍ നിന്നെന്നു പറഞ്ഞ് രണ്ടു ദിവസം കഴിഞ്ഞ് വിളിയെത്തി. ക്ലിയറന്‍സിയായി 22,500 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണം അക്കൗണ്ടിലിട്ടു കൊടുത്തു. ഒന്നു രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും വിളിയെത്തി. പാഴ്‌സലില്‍ പൗണ്ട് കണ്ടെത്തിയെന്നും പിഴത്തുകയായി 95,000 രൂപ നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നുമായി ഭീഷണി.

സിസ്റ്റര്‍ മാര്‍ഗരറ്റിനെ ബന്ധപ്പെട്ടപ്പോള്‍ മറുപടിയിങ്ങനെ- ‘സാരമില്ല, പാഴ്‌സലില്‍ 10,000 പൗണ്ട് ഉണ്ടല്ലോ. താങ്കള്‍ ഇപ്പോള്‍ ചെലവാക്കുന്ന തുക അതില്‍ നിന്ന് എടുത്തോളൂ’. വാക്കാല്‍ സമ്മതിച്ചെങ്കിലും മനസ്സില്‍ സംശയം ഇരട്ടിച്ചു. ഒടുവില്‍ 27 വയസുള്ള മകനോട് ഇക്കാര്യം പങ്കുവച്ചപ്പോഴാണ് തട്ടിപ്പാണെന്ന് തോന്നിയത്.

കസ്റ്റംസില്‍ നിന്നെന്ന മട്ടില്‍ വിളിച്ച് ഓഫിസ് വിവരങ്ങള്‍ തിരക്കിയതില്‍ പിന്നെ ഫോണ്‍ എടുക്കാതായി. തൊട്ടടുത്ത ദിവസം സിസ്റ്ററുടെ വാട്‌സാപ് നോക്കിയപ്പോള്‍ അക്കൗണ്ട് തന്നെ അപ്രത്യക്ഷമായി. ഇതിന് പിന്നാലെയാണ് സംഭവം തട്ടിപ്പായിരുന്നെന്ന് വഴുതക്കാട് സ്വദേശി ഉറപ്പിച്ചത്.

Exit mobile version