ഏഴ് ദിവസത്തെ നിരീക്ഷണം പുനഃസ്ഥാപിക്കണം; സർക്കാർ ഡോക്ടമാർ അധിക ഡ്യൂട്ടി ബഹിഷ്‌കരിച്ച് സമരത്തിലേക്ക്

തിരുവനന്തപുരം: നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്. നാളെ മുതൽ കൊവിഡ് ചികിത്സയല്ലാത്ത അധിക ജോലിയിൽനിന്ന് വിട്ടുനിൽക്കുമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ കുറവ് അടിയന്തിരമായി പരിഹരിക്കുക, തുടർച്ചയായ കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ലഭിച്ചിരുന്ന ഏഴ് ദിവസത്തെ നിരീക്ഷണ അവധി പുനസ്ഥാപിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് ഡോക്ടർമാർ ഉന്നയിക്കുന്നത്.

കൊവിഡ് പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധമെന്നാണ് കെജിഎംഒഎ അറിയിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ തുടക്കം മുതൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ നടപ്പാക്കുന്നതിൽ കാലതാമസമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങുന്നത്.

സർക്കാർ നേരത്തെ മാറ്റിവെച്ച ശമ്പളം ഉടൻ വിതരണം ചെയ്യുക, ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കണം, ഇനിയൊരു ശമ്പളം മാറ്റിവെയ്ക്കൽ ഉണ്ടാകുകയാണെങ്കിൽ അതിൽ നിന്ന് ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടർമാർ ഉന്നയിക്കുന്നുണ്ട്.

സർക്കാർ നടത്തുന്ന പരിശീലന പരിപാടികൾ, വെബിനാറുകൾ, ഡ്യൂട്ടി സമയത്തിന് ശേഷമുള്ള മീറ്റിങ്ങുകൾ എന്നിവയിൽ നിന്നെല്ലാം ഡോക്ടർമാർ വിട്ടുനിൽക്കും. ഒപ്പം സർക്കാറിന്റെ ഔദ്യോഗിക വാട്ട്‌സ്അപ്പ് ഗ്രൂപ്പുകളിൽ നിന്ന് അംഗങ്ങൾ ഒഴിവാകും. എന്നാൽ രോഗി പരിചരണത്തെയും കൊവിഡ് പ്രവർത്തനങ്ങളേയും ഇത് ബാധിക്കില്ലെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.

Exit mobile version